കൊവിഡ്: തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയത് 11 ലക്ഷത്തിലധികം പ്രവാസികള്‍, കേരളത്തിന് 10,000 കോടി രൂപയുടെ നഷ്ടം

0
1598

തിരുവനന്തപുരം: ലോക് ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയത് 11 ലക്ഷത്തിലധികം പ്രവാസികളെന്ന് കണക്കുകൾ. ഇത് മൂലം കേരളത്തിന് വിദേശ വരുമാനത്തിൽ പത്ത് ശതമാനം കുറവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. അതായത് പ്രതിവർഷം കേരളത്തിനുണ്ടാകുന്നത് 10,000 കോടി രൂപയുടെ നഷ്‌ടമായിരിക്കും. തിരിച്ചെത്തിയ പ്രവാസികളിൽ 4 ലക്ഷത്തോളം പേർക്ക് മാത്രമാണ് തിരികെ പോകാനായത്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളുടെ ജീവിതവും കേരളത്തിന്‍റെ വരുമാനവുമാണ് ഇതോടെ പ്രതിസന്ധിയിലായത്.

ആദ്യ ലോക് ഡൗണ്‍ മുതല്‍ ഇതുവരെ മടങ്ങിയെത്തിയ 15 ലക്ഷം പേരില്‍ 11 ലക്ഷം പേരും ജോലി നഷ്ടപ്പെട്ട് വന്നവരാണെന്നാണ് നോർക്കയുടെ കണക്ക്. ഇതില്‍ 4 ലക്ഷത്തോളം പേർ തിരികെപോയെന്ന് കരുതുന്നു. പ്രവാസികള്‍ കേരളത്തിലേക്ക് ഒരു വർഷം അയക്കുന്നത് ഒരു ലക്ഷം കോടി രൂപയെന്നാണ് ഔദ്യോഗിക കണക്ക്. നിലവിലെ സാഹചര്യത്തിൽ ലോക്ഡൗണ്‍ ഈ വരുമാനത്തിന്‍റെ 10 ശതമാനമാണ് നഷ്ടപ്പെടുത്തിയത്. അതായത് ഒരുവർഷം കേരളത്തിന്‍റെ വരുമാനം നഷ്ടം 10,000 കോടി രൂപ വരും. ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ഇത് ബാധിക്കുന്നത്.