കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ സഹായം, മാതൃകയായി കുവൈത് എംബസി

0
1308

കുവൈത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച നിര്‍ധനരായ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. പ്രവാസികൾക്ക് അൽപമെങ്കിലും ആശ്വാസം ലഭിക്കുന്ന ശ്രദ്ധേയമായ പ്രഖ്യാപനവുമായി കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആണ് രംഗത്തെത്തിയത്. പ്രവാസ ലോകത്തിന്റെ മുഴുവന്‍ പ്രശംസ നേടിയ പ്രഖ്യാപനമാണിതെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച വൈകീട്ട് നടന്ന എംബസി ഓപണ്‍ ഹൗസിലാണ് അംബാസഡര്‍ ഈ പ്രഖ്യാപനം നടത്തിയത്.

120 ദീനാറില്‍ കുറവ് ശമ്പളമുള്ളവര്‍ക്കാണ് ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ച് സഹായധനം ലഭ്യമാക്കുക. ജനപ്രിയ ഇടപെടലുകളുമായി മുന്നോട്ടുപോകുന്ന കുവൈത്തിലെ മലയാളി അംബാസഡര്‍ സിബി ജോര്‍ജിന്റെ പല ഇടപെടലുകളും വലിയ തോതില്‍ അംഗീകാരം നേടുന്നുണ്ട്. വിഭവ സമാഹരണത്തിനായി വ്യക്തികളുടെയും വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടും.

സഊദി അറേബ്യ ഉൾപ്പെടെയുള്ള എംബസികൾക്ക് മാതൃകയായാണ് കുവൈത്ത് എംബസിയുടെ പ്രവർത്തനങ്ങൾ. പ്രവാസികളുടെ വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തി ആവശ്യമായ സമയങ്ങളിൽ നിർദേശങ്ങൾ നൽകുന്നതിലും കുവൈത്ത്, ഖത്തർ എംബസികളുടെ സേവനം ഏറെ പ്രശംസനീയമാണെന്ന് പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, സഊദിയിലെ ഇന്ത്യൻ എംബസി പ്രവാസി വിഷയങ്ങളിൽ ഇടപെടുന്നതിൽ വളരെ പിന്നിലാണെന്നാണ് സഊദി പ്രവാസികളുടെ പരാതി.