ഖത്തറിലേക്ക് വിമാന നിരക്ക് റോക്കറ്റ് വേഗത്തിൽ, മൂന്നിരട്ടിയിലധികം വർദ്ധനവ്

0
3318

ദോഹ: ഖത്തറിലേക്ക് വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ അടക്കം ഒഴുക്ക് ആരംഭിച്ചതോടെ മുതലെടുത്ത് വിമാന കമ്പനികൾ. കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിക്കുകയും ആരംഭിക്കുകയും ചെയ്യുന്നതോടൊപ്പം ടിക്കറ്റ് നിരക്കിലും വൻ വർധനവാണ് വരുത്തുന്നത്. ഖത്തർ പ്രവാസികൾക്ക് പുറമെ സഊദി അറേബ്യ, യുഎഇ, ഒമാൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പ്രവാസികൾ ഖത്തർ പ്രധാന യാത്രാ കേന്ദ്രമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് സാഹചര്യം മുതലെടുത്ത് വിമാന കമ്പനികൾ നിരക്കുകളിൽ വൻ വർദ്ധനവ് വരുത്തിയത്. വരും ദിവസങ്ങളിൽ കൊച്ചി,കോഴിക്കോട്​, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് ദോഹയിലേക്ക്​ ടിക്കറ്റ്​ ബുക്കിങ്​ പോലും ലഭ്യമല്ലെന്ന്​ ​ട്രാവൽ മേഖലയിലുള്ളവർ വ്യക്തമാക്കി.

ജോലി പോകും മുൻപേ തിരികെയെത്താനുള്ള പ്രവാസികളുടെ നെട്ടോട്ടത്തിനിടെയാണ് വിമാനക്കമ്പനികൾ നിരക്ക് വർധനവുമായി രംഗത്തെത്തുന്നത്. ഓൺ അറൈവൽ സന്ദര്‍ശക വിസകള്‍ അനുവദിച്ചുതുടങ്ങിയതോടയാണ് ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് എയര്‍ലൈന്‍ കമ്പനികള്‍ വർധിപ്പിക്കുന്നത്. കേരളത്തില്‍ നിന്നും ദോഹയിലേക്കുള്ള സര്‍വീസുകള്‍ക്ക് മൂന്നിരട്ടിയോളമാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ 12,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 40,000 രൂപ വരെയായി ഉയര്‍ന്നു. ദോഹ വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നതോടെയാണ് ടിക്കറ്റ് നിരക്കും കൂടിയത്. ആവശ്യം കൂടുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്ന രീതിയാണ് എയര്‍ലൈന്‍ കമ്പനികള്‍ സ്വീകരിക്കുന്നത്. നേരത്തെ സീസണുകളിലാണ് യാത്രാനിരക്ക് വര്‍ധിപ്പിച്ചിരുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേരിട്ടുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ദോഹ വഴി യാത്രചെയ്യാന്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് ചാകരയായാണ് വിമാനകമ്പനികൾ കാണുന്നത്.

അതേസമയം, എയർ ഇന്ത്യ അടക്കം വിവിധ വിമാന കമ്പനികൾ കൂടുതൽ സർവീസുമായി രംഗത്തെത്തിയിട്ടുണ്ട്. എയർ ഇന്ത്യ കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് സർവ്വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് മുതൽ കൊച്ചി-ദോഹ സർവ്വീസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഓഗസ്റ്റ് 29 വരെ ബുധൻ വെള്ളി ദിവസങ്ങളിലാണ് സർവ്വീസുകൾ. ആഗസ്​റ്റിൽ ഇന്ത്യയിൽനിന്ന്​ ദോഹ സർവിസിനൊരുങ്ങി സ്​പൈസ് ജെറ്റും രംഗത്തുണ്ട്​. ഖത്തറുമായുള്ള എയർ ബബ്​ൾ കരാറിൻെറ അടിസ്ഥാനത്തിലായിരിക്കും ദോഹയിലേക്കുള്ള സർവി​സ്​. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ആഴ്​ചയിൽ രണ്ട്​ എന്ന നിലയിലാവും സർവിസ്​ ആരംഭിക്കുന്നത്​.

ഇതിനു പുറമെ ന്യൂഡൽഹിയിൽ നിന്നും​ സർവിസുണ്ടാവും. അക്​ബർ ട്രാവൽസിനു കീഴിലുള്ള ബെൻസി ഹോളിഡേസിനാണ് സർവിസ്​ ഓപറേഷൻ ചുമതല. ടിക്കറ്റ്​ ബുക്കിങ്​ വൈകാതെ ആരംഭിക്കും. നിലവിൽ, എയർ ഇന്ത്യ, ഖത്തർ എയർവേസ്​, ഇൻഡിഗോ എയർലൈൻസ്​ എന്നിവർ മാത്രമാണ്​ ഇന്ത്യയിൽനിന്ന്​ ദോഹയിലേക്ക്​ സർവിസ്​ നടത്തുന്നത്​.