യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് പാകിസ്ഥാൻ-സഊദി നയതന്ത്ര നീക്കം തുടങ്ങി

0
1796

ഇസ്‌ലാമാബാദ്: യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് പാകിസ്ഥാൻ, സഊദി അറേബ്യ നയതന്ത്ര തല നീക്കം തുടങ്ങി. 400,000 പാകിസ്ഥാൻ തൊഴിലാളികളാണ് നിലവിൽ സഊദിയിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങി കിടക്കുന്നത്. കൊവിഡ് -19 യാത്രാ നിയന്ത്രണങ്ങൾ എങ്ങനെ ലഘൂകരിക്കാമെന്ന് പാകിസ്ഥാനും സഊദി അറേബ്യയും ചൊവ്വാഴ്ച ചർച്ച ചെയ്തതായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഇസ്‌ലാമാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഏകദിന പാകിസ്ഥാൻ സന്ദർശനത്തിനെത്തിയ സഊദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സഊദുമായാണ് പാകിസ്ഥാൻ ഇക്കാര്യം കൂടിയാലോചിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സൗഹൃദബന്ധത്തിൽ വിള്ളലുകൾ ഉണ്ടായതിന് ശേഷം പാകിസ്ഥാനിലെത്തിയ ആദ്യത്തെ സഊദി ഉന്നത ഉദ്യോഗസ്ഥനാണ് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ.

ചർച്ചക്കളുടെ ഫലമായി പാകിസ്ഥാനിൽ നിന്ന് ഉടൻ തന്നെ നേരിട്ട് വിമാന സർവ്വീസ് നടപടികൾ ആരംഭിക്കുമെന്ന് പാകിസ്ഥാൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യ, പാകിസ്ഥാൻ ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ നിലവിൽ സഊദിയുടെ നിരോധിത ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളാണ്. ഇത്തരം രാജ്യങ്ങളിൽ നിന്ന് നേരിട്ട് വിമാന സർവ്വീസ് അനുമതി നൽകിയിട്ടില്ല.