റിയാദ്: ഇന്ത്യ ഉൾപ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക് പോകരുതെന്ന് സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ കടുത്ത മുന്നറിയിപ്പ്. നേരത്തെ പുറപ്പെടുവിച്ച മുന്നറിയിപ്പ് ലംഘിച്ചു ഈ രാജ്യങ്ങളിലേക്ക് പോകുന്ന പൗരന്മാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്നും മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. തിരിച്ചെത്തിയാൽ മൂന്ന് വർഷത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്നും വൻ പിഴ ഈടാക്കുമെന്നുമാണ് മുന്നറിയിപ്പ്.
നേരിട്ടോ മറ്റൊരു രാജ്യത്തിലൂടെയോ പ്രഖ്യാപിത രാജ്യങ്ങളിലേക്കും, മഹാമാരി ഇതുവരെ നിയന്ത്രിച്ചിട്ടില്ലാത്തതും വൈറസിന്റെ വകഭേദം ബാധിച്ച മറ്റ് രാജ്യങ്ങളിലേക്കും യാത്ര പോകരുതെന്നാണ് പൗരന്മാർക്ക് മന്ത്രാലയ നിർദേശം.





