ഖത്തറിന് പിന്നാലെ കുവൈതും; പ്രവേശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് പ്രതീക്ഷയിൽ സഊദി പ്രവാസികളും

വാക്‌സിനേഷൻ അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്നതും ബഹ്‌റൈൻ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതും പ്രതീക്ഷ വർധിപ്പിക്കുന്നു

0
2644

റിയാദ്: യാത്രാ ദുരിതം ഏറെ സഹിക്കുന്ന പ്രവാസികൾക്ക് പ്രതീക്ഷയേകി ഗൾഫ് രാജ്യങ്ങൾ ഓരോന്നായി കവാടങ്ങൾ തുറക്കുന്നു. നിയന്ത്രങ്ങളോടെയാണെങ്കിലും നേരിട്ട് വിമാന സർവ്വീസ് ഉടൻ ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയിലാണ് സഊദി പ്രവാസികൾ. യുഎഇയിലെ പ്രവാസികളും സമാനമായ അവസ്ഥയിലാണ്. ഖത്തർ കവാടങ്ങൾ വിദേശികൾക്കായി കവാടങ്ങൾ തുറന്നതും ഉടൻ തുറക്കുമെന്ന കുവൈത്തിൽ നിന്നുള്ള റിപ്പോർട്ടുകളും സഊദി, യുഎഇ പ്രവാസികളെ ആശ്വാസത്തിന്റെ തീരത്ത് നിർത്തുന്നുണ്ട്. അധികം വൈകാതെ തന്നെ തങ്ങളുടെ രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളോടെയാണെങ്കിലും പ്രവേശന കവാടങ്ങൾ തുറക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സഊദി, യുഎഇ പ്രവാസികൾ.

സഊദി പ്രവാസികളുടെ യാത്രാ ദുരിതത്തിന് ഒന്നര വർഷത്തിലധികം പഴക്കമുണ്ട്. മറ്റു ജിസിസി രാജ്യങ്ങൾ എല്ലാം അനുമതി കൊടുത്തപ്പോഴും സഊദി അറേബ്യ ഇന്ത്യക്കാർക്ക് ഇത് വരെ നേരിട്ട് അനുമതി നൽകിയിയിട്ടില്ല. ഏറ്റവും ഒടുവിൽ വാക്‌സിനേഷൻ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ എന്തെങ്കിലും പുതിയ തീരുമാനം ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഖത്തർ തീരുമാനം പോലെ രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കെങ്കിലും നേരിട്ടുള്ള പ്രവേശനം അനുവദിക്കണമെന്ന പ്രാർത്ഥനയിലാണ് സഊദി പ്രവാസികൾ.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഖത്തർ ഇന്ത്യക്കാർക്ക് പ്രവേശന കവാടങ്ങൾ തുറന്നത്. ഇപ്പോൾ സമാനമായ തീരുമാനം തന്നെയാണ് കുവൈത്തും സ്വീകരിക്കുന്നതെന്ന് കുവൈത്തിൽ നിന്നുള്ള റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. ഓഗസ്റ്റ് മുതൽ നിയന്ത്രണങ്ങളോടെ മാനദങ്ങൾ പാലിച്ച് വിദേശികൾക്ക് കുവൈത് പ്രവേശന അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. ഇതേ മാർഗ്ഗങ്ങൾ സഊദ് അറേബ്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളും സ്വീകരിച്ചേക്കും. അടുത്ത മാസം വരെ രാജ്യത്തിന് പുറത്തുള്ള വിദേശികളുടെ ഇഖാമ, റീ എൻട്രി നീട്ടി നൽകിയെങ്കിലും ആ സമയം അടുക്കുന്നതോടെ നല്ല വാർത്തക്കായി കാത്തിരിക്കുകയാണ് സഊദി പ്രവാസികൾ.

ബഹ്‌റൈനിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും പ്രതീക്ഷക്ക് വക നൽകുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്. വാക്‌സിനേഷൻ നടപടികൾ പൂർണ്ണമാകുന്നതോടെ സഊദി ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളും പ്രവേശന നിയന്ത്രണങ്ങളിൽ ഉപാധികളോടെയാണെങ്കിലും ഇളവ് വരുത്താനാണ് സാധ്യത. നിലവിൽ സഊദിയിലെ വാക്‌സിനേഷൻ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് അടുക്കുക്കുകയാണ്.