ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ദേശം

0
5235

ദോഹ: ഖത്തറിലേക്ക് വരുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ നിർദേശം. ഇഹ്തിറാസ് വെബ്‌സൈറ്റില്‍ പ്രീരജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കാണ് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന നിര്‍ദേശമടങ്ങിയ ഇമെയില്‍ ലഭിച്ചിരിക്കുന്നത്. സന്ദർശക വിസയിൽ വരുന്നവർക്കടക്കം പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ ഇതോടെ നിർബന്ധം ആക്കിയതായാണ് സൂചിപ്പിക്കുന്നത്. ഖത്തറിൽ വരുന്നവർ ഡിസ്‌കവർ ഖത്തർ വെബ്സൈറ്റ് വഴി ഹോട്ടൽ ബുക്ക് ചെയ്യണമെന്നാണ് നിർദേശം.

പുതിയ നിർദേശം സഊദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി എത്തുന്നവർക്കും ബാധകമാണ്. വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ഖത്തറിലേക്ക് വരുന്ന ഇത്തരം യാത്രക്കാര്‍ക്ക് നിലവില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. എന്നാല്‍ പുതുതായി ഓണ്‍അറൈവല്‍ യാത്രക്ക് അപേക്ഷിച്ചവര്‍ക്ക് ഡിസ്കവര്‍ ഖത്തര്‍ വഴി 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ വേണമെന്നാണ് ലഭിച്ച മറുപടി. എന്നാൽ, ഇക്കാര്യത്തില്‍ ഔദ്യോഗിക വ്യക്തത ലഭിച്ചിട്ടില്ല.

ഇതോടെ ഖത്തർ യാത്ര ഇനി ചിലവ് വർധിക്കുമെന്നാണ് ട്രാവൽസ് ഏജൻസികൾ വ്യക്തമാക്കുന്നത്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് നിലവിൽ ഖത്തർ സന്ദർശക വിസ അടക്കം അനുമതി നൽകുന്നത്. എന്നാൽ, സന്ദർശക വിസക്കാർ അടക്കം ഖത്തറിൽ വരുന്ന മുഴുവൻ ആളുകൾക്കും ഡിസ്‌കവർ ഖത്തർ വെബ്സൈറ്റ് വഴി ഹോട്ടൽ ബുക്ക് ചെയ്യണമെന്നാണ് നിർദേശം. വരും ദിവസങ്ങളില്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ തീരുമാനം സഊദി പ്രവാസികൾ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി എത്തുന്നവർക്ക് കടുത്ത തിരിച്ചടിയാണ്. യാത്രാ ചിലവ് കുത്തനെ ഉയരാനും തിരക്ക് വർധിക്കുന്നതോടെ പാക്കേജുകളുടെ വില വീണ്ടും വർധിക്കാനും ഇത് കാരണമാകുമെന്നാണ് കരുതുന്നത്.

എന്നാൽ, ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും പൂര്‍ണമായും വാക്‌സിനെടുത്താല്‍ ഹോട്ടല്‍ ക്വാറന്റീന്‍ വേണ്ടതില്ലെന്നായിരുന്നു ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ യാത്രാ നയം. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ, പൊതുനയം അതാണെങ്കിലും ഇഹ്തിറാസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന നിര്‍ദേശമാണ് പാലിക്കേണ്ടതെന്ന മറുപടിയാണ് അധികൃതരില്‍ നിന്ന് ലഭിച്ചത്.

നിര്‍ദേശം ലഭിച്ചവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യാമെന്നും ഖത്തറില്‍ എത്തിക്കഴിഞ്ഞാല്‍ വിമാനത്താവളത്തിലെ ഡിസ്‌കവര്‍ ഖത്തര്‍ ഹെല്‍പ് ഡസ്‌കുമായി ബന്ധപ്പെട്ട് റീഫണ്ടിങിന് ശ്രമിക്കാവുന്നതാണെന്നുമാണ് ഇത് സംബന്ധമായി ലഭിച്ച മറുപടി.