റിയാദ്: ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദം കൂടുതൽ അപകടകാരിയെന്ന് സഊദി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയിൽനിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണക്കുകൂട്ടലുകൾ മാറ്റിമറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെൽറ്റ വകഭേദം കണക്കുകൂട്ടലുകൾ മാറ്റിയെഴുതുകയാണെന്നാണ് മന്ത്രാലയ നിരീക്ഷണം.
നിലവിലെ ഡെൽറ്റ വകഭേദത്തിന് സ്വാഭാവിക പ്രതിരോധശേഷിയെയും മറികടക്കാനാകുമെന്നതിനാൽ കൊവിഡ് ഭേദമായി ഇമ്യൂൺ സ്റ്റാറ്റസിലുള്ളവരും വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട സ്ഥിതിയാണെന്നും സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാവരും വാക്‌സിന്റെ രണ്ട് ഡോസും എടുക്കൽ നിർബന്ധമാകുന്ന സാഹചര്യമാണ് രൂപപ്പെട്ടുവരുന്നതെന്നാണ് മന്ത്രാലയ നിരീക്ഷണം.
നിലവിൽ സഊദിയിൽ കൊവിഡ് ബാധിച്ച് ഭേദമായവർക്ക് ഒരു ഡോസ് വാക്സിൻ മാത്രമാണ് കുത്തിവെക്കുന്നത്. കൊവിഡ് ഭേദമാകുന്നതോടെ ശരീരം സ്വാഭാവിക പ്രതിരോധശേഷി നേടുന്നതിനാലാണിത്. എന്നാൽ, ജനിതകമാറ്റം സംഭവിച്ച ഡെൽറ്റ വകഭേദത്തിന് സ്വാഭാവിക പ്രതിരോധശേഷി എന്ന അവസ്ഥ മറികടക്കാനാകുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗം ഭേദമായവും വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കൽ അനിവാര്യമാകുന്ന സ്ഥിതിയിലേക്കാണ് പോകുന്നതന്നെും അസീരി പറഞ്ഞു.
ലോകാരോഗ്യസംഘടന ഡെൽറ്റ പരിവർത്തനത്തെക്കുറിച്ച് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാപനശേഷി വളരെ കൂടുതലാണ് കൊവിഡിന്റെ ഡെൽറ്റ വകഭേദത്തിനെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൂടാതെ നിരവധി പ്രധാന രാജ്യങ്ങളിലെ 75 ശതമാനത്തിലധികം പുതിയ അണുബാധകൾക്കും ഇത് മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ഇത് ഏറ്റവും ശക്തി പ്രാഭിക്കുമെന്നാണ് കണക്ക് കൂട്ടലെന്നും അബ്ദുള്ള അസീരി വെളിപ്പെടുത്തി.
അതേസമയം, ഭൂരിഭാഗം ആളുകൾക്കും കുത്തിവെപ്പ് നൽകിയ രാജ്യങ്ങളൊക്കെയും മഹാമാരിയുടെ മോശം അവസ്ഥയെ മറികടന്നിട്ടുണ്ടെന്നും കടുത്ത രോഗങ്ങളുടേയും മരണങ്ങളുടേയും അവസ്ഥയിലേക്ക് ഇനി അവർ മടങ്ങിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.