സഊദിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ഇനിയും നീളുമെന്ന് സൂചന

0
2778

റിയാദ്: ഇന്ത്യ ഉൾപ്പെടെ വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് വീണ്ടും ഇഖാമയും റീ എൻട്രിയും നീട്ടി നൽകിയ പുതിയ പ്രഖ്യാപനത്തോടെ ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വിമാന സർവ്വീസ് കാത്തിരിപ്പ് ഇനിയും നീളുമെന്ന് സൂചന. പെരുന്നാളും ഹജ്ജും കഴിയുന്നതോടെ അനുകൂല പ്രഖ്യാപനം ഉണ്ടായേക്കുമെന്ന പ്രവാസികളുടെ കാത്തിരിപ്പിനിടെയാണ് ആഗസ്റ്റ്‌ 31 വരെ ഇത്തരം രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്ന പ്രവാസികൾക്ക് രാജകാരുണ്യം പ്രഖ്യാപിക്കപ്പെട്ടത്. ഇത് നേരിട്ടുള്ള യാത്രാ വിലക്ക് തുടരുമെന്ന സൂചനയാണ് നൽകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ജി സി സി രാജ്യമായ ഖത്തർ ഉൾപ്പെടെ ചില രാജ്യങ്ങൾ ഇന്ത്യക്കാരെ സ്വീകരിക്കുന്നത് തുടക്കം കുറിച്ചതും ചില രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുകയും ചെയ്തതോടെ സഊദി പ്രവാസികളും ഏറെ പ്രതീക്ഷയിലായിരുന്നു. ഏറ്റവും കുറഞ്ഞത് രണ്ട് ഡോസ് വാക്സിനുകൾ എടുത്തവർക്കെങ്കിലും നേരിട്ടുള്ള പ്രവേശനം അനുവദിക്കുമെന്നായിരുന്നു കരുതിയിരുന്നത്. സഊദിയിലേക്ക് ഇന്ത്യയില്‍നിന്ന് നേരിട്ട് വിമാന സർവീസിന് ഉടൻ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസവും ഇന്ത്യൻ അംബാസിഡർ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഏതാനും മാസം കൂടി തുടർന്നേക്കും എന്നാണ് സൂചന. ഇതോടെ, മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് മറ്റു രാജ്യങ്ങൾ വഴി ചുറ്റിക്കറങ്ങി വേണം സഊദിയിൽ എത്താൻ. അല്ലെങ്കിൽ ഇന്ത്യ മുൻകൈ എടുത്ത് എയർ ബബ്ൾ കരാർ ഉണ്ടാക്കണം. എന്നാൽ, പ്രതീക്ഷക്ക് വക ലഭിക്കും. സഊദിയുമായി എയർ ബബ്ൾ കരാർ നടത്താൻ ഇന്ത്യക്ക് തീരെ താല്പര്യം ഇല്ലെന്നാണ് കരുതുന്നത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ റീ എൻട്രിയും ഇഖാമ കാലാവധിയും ഒരു മാസത്തേക്ക് കൂടി സൽമാൻ രാജാവിന്റെ നിർദ്ദേശം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ജൂലൈ 31 വരെ ഇഖാമയും റീ എൻട്രിയും സൗജന്യമായി പുതുക്കുമെന്ന് കഴിഞ്ഞമാസവും പ്രഖ്യാപിച്ചിരുന്നു. ഈ കാലാവധി തീരാൻ പത്തു ദിവസം ശേഷിക്കേയാണ് പുതിയ തീരുമാനം. ഇപ്പോഴും സഊദിയിലേക്ക് പോകാൻ കഴിയാതെ പ്രതിസന്ധിയിലായ ആയിരകണക്കിന് പ്രവാസികൾക്ക് സഊദി രാജാവിന്റെ തീരുമാനം ഏറെ ആശ്വാസം നൽകുന്നതാണ്.