“ചേലോർത് ശരിയാകും ചേലോർത് ശരിയാകൂല”; ഇന്നും എംബസി, ഡി എം ഒ അറ്റസ്റ്റേഷനുകൾ ചെയ്‌തവർക്ക് റിജക്റ്റ്‌ ആയി, ഒന്നും ചെയ്യാത്തവർക്ക് അപ്‌ഡേറ്റും ആയി

0
6578

റിയാദ്: വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സഊദി ആരോഗ്യമന്ത്രാലയത്തിൽ അപ്‌ലോഡ് ചെയ്‌ത്‌ തവക്കൽന അപ്‌ഡേറ്റ് ചെയ്യുന്നതിൽ നിരാശരാവുകയാണ് സഊദി പ്രവാസികൾ. എന്ത് കാരണം കൊണ്ടാണ് അപേക്ഷകൾ തള്ളുന്നതെന്നോ ഏത് മാനദണ്ഡം വെച്ചാണ് സ്വീകരിക്കുന്നതെന്നോ ഇത് വരെ വ്യക്തമായിട്ടില്ല. എംബസി അറ്റസ്റ്റേഷൻ ഇല്ലാത്തതിനാൽ ഇവ അറ്റസ്റ്റ് ചെയ്തത് അപേക്ഷിക്കണമെന്ന് പ്രവാസിയുടെ ചോദ്യത്തിന് മറുപടിയായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും അറ്റസ്റ്റ് ചെയ്തവരുടേതും വാപകമായി തള്ളുന്നത് എന്താണെന്നതിനും ഉത്തരമില്ല.

അതിനിടെയാണ് ഡിഎംഒ അറ്റസ്‌റ്റേഷൻ മൂലം അപ്‍ഡേറ്റ് ആക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നത്. എന്നാൽ, ഇതേ മാർഗ്ഗം സ്വീകരിച്ച് അപ്‌ഡേഷന് ശ്രമിച്ച നിരവധി പേർക്ക് നിരാശയാണ് ഫലം. അതിനാൽ തന്നെ എന്ത് കാരണം കൊണ്ടാണ് സ്വീകരിക്കുന്നതെന്നോ തള്ളിക്കളയുന്നതെന്നോ പറയാൻ സാധിക്കാത്ത ഈ അവസരത്തിൽ പ്രവാസികൾക്ക് മുന്നിൽ ഉള്ളത് പരീക്ഷണത്തിന് മുതിരുക എന്നത് മാത്രമാണ്. ചിലപ്പോൾ ഭാഗ്യം തുണച്ചാൽ ഏതെങ്കിലും തരത്തിൽ അപ്‌ഡേറ്റ് ആയേക്കാം.

അതേസമയം, മുൻദിവസങ്ങളെ അപേക്ഷിച്ച് കഴിഞ ഏതാനും ദിവസങ്ങളിൽ നിരവധി പേർക്ക് അപ്‌ഡേറ്റ് ആയിട്ടുണ്ട് എന്നത് അൽപം ആശ്വാസം ലഭിക്കുന്നുണ്ട്. എന്നാൽ, അവർ ചെയ്തത് പോലെ ശ്രമിച്ചവർക്കും നിരാശയായിരുന്നു ഫലം. സഊദി ആരോഗ്യ മന്ത്രാലയ ലിങ്കിൽ അപേക്ഷിക്കാൻ സാധിക്കുക മൂന്ന് തവണയാണെന്നതിനാൽ പരമാവധി വൃത്തിയായും വ്യക്തമായും ചെയ്ത് നോക്കുക എന്നത് മാത്രമാണ് മുന്നിലുള്ള പോംവഴി.

അതിനാൽ ആദ്യ തവണ വേണമെങ്കിൽ പരീക്ഷിച്ച്‌ നോക്കി പരാജയമാണ് ഫലമെങ്കിൽ അറ്റസ്‌റ്റ് ചെയ്‌ത ശേഷം ഒന്നൂടെ ശ്രമിച്ച് നോക്കാം. എന്നിട്ടും റിജെക്റ്റ് ആയാൽ വേണമെങ്കിൽ അവസാന ശ്രമവും നോക്കാം എന്ന് മാത്രം. എന്നാൽ, മൂന്നാം തവണക്ക് ശേഷം ബ്ലോക്ക് ആകുന്നവർക്ക് പിന്നീട് അൽപം ബുദ്ധിമുട്ടാണ്.

നിലവിൽ രണ്ട് സർട്ടിഫിക്കറ്റും കൊവിൻ വെച്ചവർക്കും കേരള സർട്ടിഫിക്കറ്റ് വെച്ചവർക്കും അപ്‌ഡേറ്റ് ആയവരും അല്ലാത്തവരും ഉണ്ട്. ആദ്യ ഡോസ് കേരളയും സെക്കൻ്റ് ഡോസ് കൊവിനും വെച്ച് കൊടുത്തിട്ട് അപ്‌ഡേറ്റ് ആയവരും അല്ലാത്തവരും ഉണ്ട്. എംബസി, ഡിഎംഒ അറ്റസ്‌റ്റ് ചെയ്‌ത്‌ ശ്രമിച്ചിട്ടും അപ്‌ഡേറ്റ് ആയവരും അല്ലാത്തവരും ഉണ്ട്. ഹെൽത്ത് സെൻ്ററിൽ നിന്ന് അറ്റസ്റ്റ് ചെയ്ത് ശ്രമിച്ചിട്ടും അപ്‌ഡേറ്റ് ആയവരും അല്ലാത്തവരും ഉണ്ട്.

പല വിധത്തിലും പല രൂപത്തിലും ചെയ്‌ത്‌ നോക്കിയിട്ടും പല രൂപത്തിലുള്ളതും സ്വീകരിച്ചതും നിരസിച്ചതും മൂലം ഏത് വിധേനയുള്ളതാണ് സ്വീകരിക്കുന്നതെന്ന് ഇത് വരെ തീർച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല. എംബസിയോ ഇന്ത്യൻ വിദേശ കാര്യമന്ത്രാലയമോ ഇടപെടാതെയോ സഊദി അധികൃതർ വ്യക്തമായ മാനദണ്ഡം പുറത്ത് വിടാതെയോ ഇതിൽ ഒരു വ്യക്തത വരാൻ ഇടയില്ല. അത് വരെ “ചേലോർത് ശരിയാകും ചേലോർത് ശരിയാകൂല്ല” എന്ന അവസ്ഥയായിരിക്കും.