റിയാദ്: രാജ്യത്ത് സ്വദേശികൾക്ക് വിദേശ യാത്ര നടത്താൻ വാക്സിൻ രണ്ട് ഡോസ് നിർബന്ധമാക്കി. ഓഗസ്റ്റ് 9 മുതൽ വിദേശ രാജ്യങ്ങളിലേക്ക് സഊദിയിൽ നിന്ന് രണ്ട് ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കുന്നവർക്ക് മാത്രമേ അനുവാദം നൽകൂവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, 12 വയസ്സിന് താഴെയുള്ളവർ കൊവിഡ് ബാധിച്ച് ആറു മാസത്തിനുള്ളിലുള്ളവർ, കൊവിഡ് ഭേദമായി ഒരു ഡോസ് എടുത്തവർ എന്നിവർക്ക് ഇളവുണ്ട്.
കൊവിഡിന്റെ പുതിയ വകഭേദം ലോകരാജ്യങ്ങളിൽ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ആരോഗ്യ മന്ത്രാലയം ശിപാർശ ചെയ്യുന്ന പ്രതിരോധ, മുൻകരുതൽ നടപടികൾക്ക് അനുസൃതമായും കൊവിഡ് നിയന്ത്രിക്കാനുള്ള പരിശ്രമത്തിെൻറയും തുടർച്ചയായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. 12 വയസ്സിനു താഴെയുള്ളവർക്ക് വിദേശ യാത്രക്ക് സഊദി സെൻട്രൽ ബാങ്ക് അംഗീകരിച്ച കൊവിഡ് അപകട ഇൻഷുറൻസ് പോളിസി നിർബന്ധമാണ്.
അതേസമയം, വിദേശികൾക്ക് നിലവിൽ സഊദിയിൽനിന്ന് അവരവരുടെ രാജ്യങ്ങളിലേക്ക് പോകാൻ വാക്‌സിൻ എടുക്കണമെന്ന് നിർബന്ധമാക്കിയിട്ടില്ല.