ന്യൂഡൽഹി: പ്രവാസികളുടെ യാത്ര പ്രതിസന്ധി മുതലെടുത്ത് എംബസിയുടെ പേരില്‍ വന്‍തട്ടിപ്പ്. യുഎഇ എംബസിയുടെ പേരിലാണ് വ്യാജ വെബ്‌സൈറ്റുണ്ടാക്കി തട്ടിപ്പ് അരങ്ങേറിയത്. കൊവിഡ് കാലത്തെ പ്രവാസികളുടെ യാത്ര പ്രതിസന്ധികളെ മുതലെടുത്തുകൊണ്ടാണ് തട്ടിപ്പ്. തട്ടിപ്പിനിരയായ പ്രവാസികളിൽ പലര്‍ക്കും പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടു. തട്ടിപ്പ് വിവരം യുഎഇ അധികൃതരെ ഔദ്യോഗികമായി അറിയിക്കുമെന്ന് മന്ത്രി വി മുരളീധരന്‍ അറിയിച്ചു. അടിയന്തര നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
യുഎഇ എംബസി ഡോട്ട്.ഇന്‍ എന്ന വെബ്സൈറ്റിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ ഔദ്യോഗിക വെബ്സൈറ്റ് ആണെന്ന് തോന്നുന്ന വിധത്തിൽ ഡിസൈൻ ചെയ്ത വെബ്സൈറ്റിലേക്ക് യാത്ര പ്രതിസന്ധിയില്‍ അകപ്പെട്ട ഒരു പ്രവാസി എത്തിയാല്‍ ആദ്യം യാത്ര വിവരങ്ങള്‍ വിശദാംശങ്ങള്‍ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. അഡ്മിന്‍ യുഎഇ എംബസി ഡോട്ട് ഇന്‍ എന്ന മെയിലിലേക്ക് ആണ് രേഖകള്‍ അയക്കാന്‍ ആവശ്യപ്പെടുന്നത്. പാസ്പോര്‍ട്ട് രേഖകള്‍ ഉള്‍പ്പെടെ കിട്ടി കഴിഞ്ഞാല്‍ പിന്നീട് എംബസി ഫീസ് എന്ന പേരില്‍ 16,100 രൂപ അക്കൗണ്ടില്‍ ഇടാന്‍ ആവശ്യപ്പെട്ട് മെയില്‍ വരും. ഡല്‍ഹിയിലെ ഒരു വീരു കുമാറിന്റെ എസ്ബിഐ അക്കൗണ്ടാണ് ഇതിനായി നല്‍കിയിട്ടുള്ളതെന്നും വ്യക്തമായിട്ടുണ്ട്. എങ്ങനെയെങ്കിലും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികൾ യഥാർത്ഥ എംബസി ആണെന്ന് തെറ്റിദ്ധരിച്ച് കൂടുതൽ ആലോചിക്കാതെ ഇവർക്ക് വിവരങ്ങളും പണവും കൈമാറുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് ആളുകൾ വഞ്ചിക്കപ്പെട്ടതായാണ് കരുതുന്നത്.
പണം നഷ്ടമാവുന്നതിനോടൊപ്പം പ്രവാസികളുടെ പാസ്പോര്‍ട്ടും യുഎഇ ഐഡിയുമെല്ലാം ഈ ഹൈടെക് കൊള്ള സംഘം തട്ടി എടുക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ തട്ടിപ്പിന് ഇരയായതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രവാസികൾ കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ പണം നഷ്ടമാകുന്നതിനു പുറമെ തങ്ങളുടെ ഡാറ്റകൾ ഉപയോഗിച്ചുള്ള മറ്റു തട്ടിപ്പ് കേസുകളും ഉൾപ്പെടാൻ സാധ്യതയുണ്ട്.