വിശുദ്ധ കഅ്ബയെ സേവിച്ച്…തൊട്ടുതലോടി…. കാൽ നൂറ്റാണ്ട്, ഹനീഫയുടേത് ധന്യ ജീവിതം

0
2953

കഅ്ബാലയം  കാണിക്കാൻ അള്ളാ……     ഈ പ്രാർത്ഥന മനസ്സിൽ കൊണ്ട് നടക്കാത്ത വിശ്വാസികൾ ഉണ്ടാകില്ല. ഊണിലും ഉറക്കിലും മക്കയിലും മദീനയിലും എത്തിക്കണേയെന്ന പ്രാർത്ഥന ഏതൊരു വിശ്വാസിയുടെയും ഹൃദയാന്തരങ്ങളിൽ എപ്പോഴും തുടിക്കുന്നുണ്ടാകും. ഇതിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടും ഭാഗ്യം ഇനിയും എത്താത്ത ലക്ഷങ്ങളാണ് ഇന്ന് ലോകത്തിന്റെ അഷ്ടദിക്കുകളിൽ ഉള്ളത്. പലവട്ടം ത്വവാഫ് ചെയ്തിട്ടും മക്കയിലെത്തിയിട്ടും ഹജറുൽ അസ്വദിനെ തൊട്ടുമുത്താൻ കഴിയാത്തവരുമുണ്ട്. ഓരോ ഹജ്ജ് ദിനങ്ങളിലും തൂവെള്ളയാൽ, വെളുത്ത മഞ്ഞ് പാളികളെപ്പോലെ ഒഴുകി നടക്കുന്ന വിശ്വാസ തീർത്ഥങ്ങൾ ഏവരുടെയും മനസ്സിൽ ഒരു കുളിർമ ചൊരിയുന്നതാണ്. ഈ ഹറമിൽ രണ്ടര പതിറ്റാണ്ടായി ഊണിലും ഉറക്കിലും ഇഴുകിച്ചേർന്ന് കഴിയുകയാണ് കാസർഗോഡ് ബന്തിയോട് അടുക്കയിലെ സ്വദേശിയായ മുഹമ്മദ് ഹനീഫ അബ്ദുല്ല തന്റെ ജീവിതത്തിന്റെ പകുതിയോളം അഥവാ കാൽ നൂറ്റാണ്ടോളം ഉഴിഞ്ഞു വെച്ച ആത്മ നിർവൃതിയിൽ ഇപ്പോൾ വിശുദ്ധ മക്കയിലെ വിശുദ്ധ ജീവിതം എന്നാണ് ഇപ്പോൾ ഇദ്ദേഹം വിശേഷിപ്പിക്കുന്നത്. പച്ചകുപ്പായമിട്ട് ഹജറുൽ അസദിനെ പലവട്ടം തൊട്ട് മത്വാഫിലൂടെ നടന്ന് ഒരു ദിവസത്തെ ആത്മസംതൃപ്തികൊണ്ട് സമ്പന്നമാക്കുകയാണ് ഹനീഫ. മഖാം ഇബ്രാഹീമിനെ തലോടി സഫാ മർവ കുന്നുകയറി, സംസമിനെ അടുക്കിവെച്ച് തന്റെ ജീവിതം ആമ്ത്മനിർവൃതിയിലാക്കുകയാണ് ഹനീഫ.

1997 ലാണ് ഒരു നിയോഗം പോലെ തന്റെ 23 ആം വയസ്സിൽ വിശുദ്ധ മക്കയിൽ ജോലിക്കായി ഇദ്ദേഹം പറന്നിറങ്ങിയത്. ലോകത്തെ ആദ്യ ദൈവീക ഭവനമായ വിശുദ്ധ കഅ്ബയുടെയും, ചുറ്റിലും വിശാലമായി കിടക്കുന്ന മസ്ജിദുൽ ഹറാമിന്റെയും പരിചരണത്തിനായാണ് ഇദ്ദേഹം വിമാനമിറങ്ങിയത്. ഹറം ഓഫീസിൽ ഓഫീസ് ബോയ് ആയി വന്ന ഇദ്ദേഹം ഇന്ന് ഇപ്പോൾ ആരും ആഗ്രഹിക്കുന്നത് പോലെ വിശുദ്ധ കഅ്ബയുടെയും ഹജറുൽ അസ്‌വദിന്റെയും ഒക്കെ പരിചരണവുമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. വർഷങ്ങളായുള്ള പരിചരണ പാടവവും വിശ്വാസ്യതയും ഇദ്ദേഹത്തിന്റെ മുതൽ കൂട്ടായതിനാൽ ഹറം സുരക്ഷാ ഉദ്യോഗസ്ഥർക്കും മേധാവികൾക്കും വിശുദ്ധ ഗേഹത്തിലെ ഓരോ കാര്യത്തിനും ഹനീഫയെ ഏൽപ്പിക്കുന്നതിൽ യാതൊരു മടിയോ ആശങ്കയോ ഇല്ല.

ജോലിക്കെത്തി ആദ്യ നാല് വർഷം ക്ളീനിങ് ജോലി മാത്രമായിരുന്നു ചെയ്‌തിരുന്നത്‌. നിസ്കാരത്തിനു  പതിന്മടങ്ങ് പ്രതിഫലമുള്ള വിശുദ്ധ കഅ്ബക്ക് ചുറ്റുമുള്ള മത്വാഫ് (പ്രദക്ഷിണ മുറ്റം), ഹറം പള്ളിയുടെ മിനാരങ്ങൾ തുടങ്ങി പള്ളിയുടെ മുക്കും മൂലയും സദാ സമയവും വൃത്തിയാക്കുന്നതിൽ ജാഗരൂകരായി പ്രവർത്തിക്കുകയായിരുന്നു ഈ കാലഘട്ടങ്ങളിൽ. ഹറമിനകത്തെ ഓരോ ഇന്ചാര്ജ്ജ് ഉദ്യോഗസ്ഥരുടെയും ഓഫീസുകളും ഇതേ സമയങ്ങളിൽ തന്നെ കയറിയറങ്ങാൻ അവസരമുണ്ടായി. പിന്നീട്  ആണ് ഹറമിലെ പ്രധാന കാര്യാലയത്തിലെ ഓഫീസിനു കീഴിൽ ജോലി മാറ്റം കിട്ടിയത്. ഇവിടുന്നങ്ങോട്ടാണ് ഏതൊരു വിശ്വാസിയും ഒരിക്കലെങ്കിലും തനിക്കും ലഭിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്ന നിരവധി പുണ്യ കർമ്മങ്ങൾ അനവധി തവണ ചെയ്ത് തീർക്കാൻ അവസരം ലഭിച്ചത്. തന്റെ ജീവിതത്തിനിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളായിരുന്നു പിന്നീടെന്നും ഇനി മറ്റൊരു ജീവിതം തനിക്ക് ഓർക്കാൻ പോലുമാകുന്നില്ലെന്നും ഹനീഫ ആനന്ദാശ്രു പൊഴിച്ച് പറയുന്നു.

വിശുദ്ധ സംസം കിണറിന് സമീപം ഇറങ്ങാൻ അവസരം ലഭിച്ചത്, അതിന്റെ പരിസരത്ത് ഇറങ്ങി ചെന്ന് വെള്ളം കോരി കുടിച്ചത് തുടങ്ങി നിരവധി ഓർമകളാണ് കാൽ നൂറ്റാണ്ടിനിടക്ക് ഹനീഫക്ക് ഓർക്കാനുള്ളത്. ഹറം കാര്യാലയത്തിൽ എത്തുന്ന മുതിർന്ന ഓഫീസർമാർ ആവശ്യപ്പെടുമ്പോൾ സംസം കിണറിന്റെ അടുത്ത് ചെന്ന് സംസം വെള്ളം ശേഖരിച്ച് എത്തിച്ച് കൊടുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ലക്ഷോപലക്ഷം ആളുകൾ ഒരുമിച്ച് കൂടുന്ന നിസ്കാരങ്ങളിൽ അടക്കം ഹറം ഇമാമിന് മുസ്വല്ല വിരിച്ച് നിസ്‌കാരത്തിന് പൂർണ്ണ സജ്ജീകരണം ഒരുക്കാനുമുള്ള ഭാഗ്യവും ലഭിച്ചു. അഞ്ചു വർഷമാണ് ഈ ജോലിയിൽ തുടർന്നത്. മുസ്വല്ല വിരിക്കുന്ന ജോലി ചെയ്യുന്നതിനാൽ തന്നെ ഇമാമിന്റെ തൊട്ടു പിന്നിലായാണ് ഈ സമയങ്ങളിൽ ജമാഅത്ത് നിസ്‌കാരങ്ങളും. നിസ്കാരം കഴിയുന്ന ഉടൻ തന്നെ ഇവ മാറ്റേണ്ടതിനാൽ മുസ്വല്ല വിരിക്കുന്നവർ തൊട്ടു പിന്നിലായാണ് നിൽക്കേണ്ടതെന്ന നിബന്ധനയുണ്ടെന്നും അദ്ദേഹം വിവരിച്ചു.

ഇതിനെല്ലാം പുറമെയാണ് വിശുദ്ധ കഅ്ബാലയം കഴുകുന്ന അവസത്തിൽ പങ്കെടുക്കുന്നതിലുപരി കഅ്ബയുടെ ഉള്ളിൽ കയറാൻ അവസരം ലഭിച്ചത്. അതും ഒന്നും രണ്ടുമല്ല 12 പ്രാവശ്യമാണ് കഅ്ബയുടെ ഉള്ളിൽ കയറാൻ ഭാഗ്യം ലഭിച്ചത്. തന്റെ ജീവിതത്തിലെ ധന്യ നിമിഷങ്ങൾ ഓർത്തെടുക്കുന്നതിനിടെ ഹനീഫ പങ്കു വെച്ചു. മലയാളി വ്യവസായ പ്രമുഖൻ എം എ യൂസുഫലി, പാകിസ്ഥാൻ, ഫലസ്‌തീൻ  പ്രസിഡന്റുമാർ ഉൾപ്പെടെ ഒട്ടേറെ ലോക നേതാക്കൾ കഅ്ബയുടെ ഉള്ളിൽ കയറിയ വേളയിൽ ഹനീഫക്കും ഇടം ലഭിച്ചിരുന്നു. കഅ്ബ കഴുകുന്ന വേളയിലും ഖില്ല മാറ്റുന്ന സമയങ്ങളിലും കഅ്ബയുടെ മുകളിൽ കയറി തുടച്ചു വൃത്തിയാക്കിയതും ഒരിക്കൽ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് പതിനൊന്ന് മണി വരെ കഅ്ബയുടെ മുകളിൽ കത്തുന്ന സൂര്യന് താഴെ കടുത്ത വെയിലിൽ നിൽക്കേണ്ടി വന്നതും ഇദ്ദേഹം ഓർത്തെടുത്തു. കൂടാതെ, കഅ്ബയുടെ ഖില്ല, ഹജറുൽ അസ്‌വദ് തുടച്ച് വൃത്തിയാക്കൽ തുടങ്ങി ഭൂമിയിലെ ഏറ്റവും പുണ്യമേറിയ ജോലികൾ ചെയ്യുന്നതിലും ഹനീഫയെ ഭാഗ്യം തുണച്ചിട്ടുണ്ട്.

മറക്കാൻ കഴിയാത്ത ഒട്ടേറെ അനുഭവങ്ങൾ വേറെയും

മക്കയിലെത്തുന്ന മലയാളി ഹാജിമാർക്ക് താങ്ങും തണലുമായി പ്രവർത്തിക്കാനും സഹായിക്കാനും വിഖായ പ്രവർത്തകൻ കൂടിയായ ഹനീഫ എന്നും മുൻപന്തിയിലാണ്. ഏകദേശം 12 വർഷങ്ങൾക്ക് മുമ്പ് ഒരു ഹജ്ജ് വേളയിൽ മലയാളി ഹാജിയുടെ മയ്യത്ത് സ്വന്തമായി മുസ്ദലിഫയിൽ നിന്ന് ഹറമിൽ എത്തിച്ച് മരണാന്തര കർമ്മങ്ങൾ ചെയ്‌ത്‌ മറമാടിയ സംഭവം നെടുവീർപ്പോടെയാണ് പങ്കു വെച്ചത്. നഫ്‌സി നഫ്‌സി എന്ന തോതിൽ ഇലാഹീ ചിന്തയിൽ മുഴുകി പാരാവാരം പോലെ പരന്നൊഴുകുന്ന മുസ്ദലിഫയിലെ റോഡരുകിൽ മരിച്ച് കിടക്കുന്ന ഹാജിയുടെ മയ്യത്ത് ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിൽ സ്വന്തമായി ഇടപെട്ട് മക്കയിൽ എത്തിക്കുകയായിരുന്നു. രാവിലെ കണ്ടെത്തയ മയ്യത്ത് രാത്രി ഒമ്പത് മണിക്കാണ് ലക്ഷക്കണക്കിന് ആളുകൾക്കിടയിൽ നിന്ന് മാറ്റാൻ സാധിച്ചത്. പിന്നീട് അതെ ഹജ്ജിൽ തന്നെ അറഫ ദിനത്തിൽ മുപ്പത് മയ്യത്തുകൾ കർമ്മങ്ങൾ ചെയ്ത പൂർത്തീകരിച്ചതടക്കം ഓർമ്മകളിൽ ഇന്നും മായാതെ നിൽക്കുന്നു. വർഷങ്ങൾക്ക് മുമ്പ് കഅബയുടെ ഖില്ല മാറ്റുന്ന വേളയിൽ സഊദിയിലെ പ്രമുഖ പത്രമായ ഉക്കാദ് പത്രത്തിൽ ഖില്ല കെട്ടുന്ന ചിത്രം വന്നത് യാദൃശ്ചികമായി കാണാനിടയായത് അദ്‌ഭുതം ഉണ്ടാക്കിയെന്നും മക്ക കാസർഗോഡ് ഐക്യവേദി വൈസ്‌പ്രസിഡന്റ്‌ കൂടിയായ ഹനീഫ പറഞ്ഞു.

ഹറമിലെ ഇമാമുമാരുമായി അടുത്ത ബന്ധം

ഹറമിലെ ഇമാമുമാരുമായി ആത്മ ബന്ധം തന്നെ ഹനീഫ  പടുത്തുയർത്തിയിട്ടുണ്ട്. അഞ്ചു വർഷക്കാലം ഇവർക്ക് മുസ്വല്ല വിരിച്ച് കൊടുത്ത പരിചയത്തിനു പുറമെ ഹറം കാര്യാലയത്തിൽ ഇമാമുമാർ എത്തിയാൽ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിലും ഹനീഫ ജാഗ്രതയിലായിരിക്കും. ഹറമിലെ ഇമാമുമാരെ കുറിച്ച് പറയുമ്പോൾ ഇദ്ദേഹത്തിന് നൂറ് നാവാണ്. ഹറം ചീഫ് ഇമാമും ഇരു ഹറം കാര്യാലയ മേധാവിയുമായ അബ്‌ദുറഹ്‌മാൻ അൽ സുദൈസ്, ശൈഖ് സഊദ് ശരീം ഇബ്‌റാഹീം ശുറൈം, ശൈഖ് മാഹിർ ഹമദ് അൽ മുഹൈഖിലി,  മാഹിർ, Sശൈഖ്  ഉസാമ അബ്ദുൽ അസീസ് അൽ ഖയ്യാത്, ഈ വർഷത്തെ അറഫ സംഗമത്തിന് നേതൃത്വം വഹിക്കുന്ന ശൈഖ് ബന്ദർ അബ്ദുൽ അസീസ് ബലീല, ശൈഖ് അബ്ദുല്ല അവാദ് ജുഹനി തുടങ്ങി ഒട്ടുമിക്ക പ്രധാന ഇമാമുമാരുമായും ബന്ധമുണ്ട്. ഇതിൽ തന്നെ തന്റെ ആത്മ ബന്ധം മറ്റൊരു തലത്തിൽ പൂത്ത് നിൽക്കുന്നത് ശൈഖ് ശുറൈമുമായാണെന്ന് ഹനീഫ ആണയിടുന്നു. കുപ്പിയിൽ കരുതിയ വെള്ളത്തിൽ മന്ത്രിച്ച് ശൈഖ് ശുറൈംനൽകിയതും പലപ്പോഴും അത് തുടർന്നതും തനിക്ക് ഊർജ്ജമേകാൻ കാരണമായെന്നും ശുറൈമിന്റെ വീട്ടുകാരുമായും ബന്ധമുണ്ടെന്നും ഹനീഫ പറഞ്ഞു. പത്ത് വർഷം ശുചീകരണ തൊഴിലാളിയായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഹനീഫ ഇപ്പോൾ പതിനാല് വർഷമായി ക്ളീനിങ് വിഭാഗം ലീഡർ ആയി പ്രവർത്തിച്ചു വരികയാണ്. 20 വർഷമായി ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ശൈഖ് സുദൈസിന്റെ ഓഫീസ് സിക്രട്ടറി ഡോ: സ്വാലിഹ്  ഹമൂദ്‌ അൽ അയാദയുടെ കീഴിലാണ് തൊഴിലെടുക്കുന്നത്.

യത്തീമായി വളർന്ന ഹനീഫക്ക് ഇന്ന് കൂട്ടായി ഉമ്മ ഖദീജയെ  കൂടാതെ ഭാര്യയും രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമുണ്ട്. ഇവരെയെല്ലാവരെയും മക്കയിൽ കൊണ്ട് വന്ന് വിശുദ്ധ ഉംറ ചെയ്യിപ്പിച്ചതും മക്കളെ ഹറം ഇമാമുമാരുടെ അടുത്ത് എത്തിച്ചതും ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങളായി ഹനീഫ കരുതുന്നു. ഇവരെ കൂടാതെ, നാട്ടിൽ ഒരു സഹോദരൻ അബ്ദുൽ മജീദും ഉണ്ട്.  പിറന്ന അതെ ദിവസം, അറഫ ദിനത്തിൽ സുജൂദിലിരിക്കുന്ന നേരത്ത് മരിക്കണമെന്ന ആഗ്രഹം മാത്രമാണ് ഹനീഫയ്ക്കുള്ളത്. കാൽ നൂറ്റാണ്ടിടിനയിൽ ഹൃദയം വിങ്ങിയ സമയമായിരുന്നു കൊവിഡ്  തുടക്കത്തിൽ ഹറം പള്ളിയിൽ നിസ്കാരം ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി നാളുകളെന്ന് ഹനീഫ പറഞ്ഞു. സദാ സമയവും  അണമുറിയാതെ നടന്നിരുന്ന ത്വവാഫ് നിന്ന് പോയതും വിരലിൽ എണ്ണാവുന്ന ആളുകളെ അതും ഹറാം ജീവനക്കാരെ മാത്രം ഉൾക്കൊള്ളിച്ച് നടത്തിയ നിസ്‌കാരങ്ങളും മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നുവെന്നും എന്നാൽ, ഹറം കാര്യാലയ വകുപ്പിന്റെ ശക്തമായ ഇടപെടലിൽ ഇപ്പോൾ കാര്യങ്ങൾ പഴയ പോലെ വരുന്നുണ്ടെന്നും ഹനീഫ സാക്ഷ്യപ്പെടുത്തി. എന്നാൽ, വിശുദ്ധ കഅബ തൊടാനോ, ഹജറുൽ അസ്‌വദ് ചുംബിക്കാനോ, ഖില്ലയും കഅബയുടെ വാതിലും പിടിച്ച് പ്രാര്ഥിക്കുവാനോ വിശ്വാസികളെ ഇപ്പോഴും  അനുവദിക്കുന്നില്ല.പഴയകാല പ്രതാപത്തിലേക്ക് വിശുദ്ധ മണ്ണ് ഉടൻ തിരിച്ചെത്തട്ടെയെന്ന് ഹനീഫ ഗദ്ഗദത്തോടെ പറഞ്ഞു നിർത്തി.