തബൂക്ക്: എട്ട് വർഷം കൊണ്ട് മാർബിൾ സ്ലാബുകളിൽ ഓട്ടോമൻ കാലിഗ്രാഫി ഉപയോഗിച്ച് വിശുദ്ധ ഖുർആൻ മുഴുവൻ കൊത്തിയെടുത്തു ശ്രദ്ധേയനായി സഊദി പൗരൻ. തബൂക്കിലെ ഹുസ്ബാൻ ബിൻ അഹ്മദ് അൽ അനീസിയാണ് ഏറെ ശ്രദ്ദേയമായ ഉദ്യമം പൂർത്തീകരിച്ചത്. വിശുദ്ധ ഖുർആനിന്റെ പ്രാരംഭ അദ്ധ്യായം മുതൽ അവസാന അദ്ധ്യായം വരെ ഗ്രീൻ മാർബിളിൽ കൊത്തിയെടുത്ത ഇദ്ദേഹം ഇപ്പോൾ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കാനുള്ള നടപടികളിലാണ്. അറബിക് കാലിഗ്രാഫി സമൂഹത്തിലേക്ക് പകർന്നു നൽകുന്നതിനും ഈ ശ്രമത്തിന്റെ പിന്നിലുണ്ടെന്ന് യുവാവ് പറഞ്ഞു.
അറബി ഭാഷയോടും വിശുദ്ധ ഖുർആനിന്റെ ഭാഷയോടും താൽപര്യം കണ്ടാണ് 20 വർഷങ്ങൾക്ക് മുമ്പ് ഈ തൊഴിലിലേക്ക് ആകര്ഷിക്കപ്പെട്ടത്. തുടർന്ന് ഗംഭീരമായ ഒരു വിശുദ്ധ ഖുർആൻ കൈയെഴുത്തുപ്രതി നിർമ്മിക്കാൻ ദൃഢ നിശ്ചയം ചെയ്‌തുവെന്നും ആദ്യ സൂറത്ത് ഫാതിഹയുടെ ഒരു കൊത്തുപണി ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നിരവധി ദേശീയ പരിപാടികൾ, ഉത്സവങ്ങൾ, മത്സരങ്ങൾ എന്നിവയിൽ ശില്പകലയിൽ പങ്കെടുത്തതായും ഈ കലയിൽ ഊന്നിയുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി യുവതി യുവാക്കളെ പരിശീലിപ്പിക്കുന്നതിനായി ഒരു കേന്ദ്രം സ്ഥാപിക്കാനാണ് തന്റെ ആഗ്രഹമെന്നും ഇദ്ദേഹം പറഞ്ഞു. സഊദി വിഷൻ 2030 ന്റെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും ഇത് സാക്ഷാത്കരിക്കുകയും ചെയ്യുമെന്നും ഇദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.