റിയാദ്: സഊദിയിൽ രണ്ട് പുതിയ മൊബൈൽ വെർച്വൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർക്ക് (എംവിഎൻഒ) കൂടി ലൈസൻസ്. ഇതോടെ രാജ്യത്തെ ആകെ മൊബൈൽ ടെലികോം കമ്പനികളുടെ എണ്ണം ഏഴായി. “ഇന്റഗ്രേറ്റഡ് ടെലികോം മൊബൈൽ കമ്പനി” (ഐടിസി മൊബൈൽ), “ഫ്യൂച്ചർ നെറ്റ്‌വർക്ക് കമ്മ്യൂണിക്കേഷൻസ്” കമ്പനി എന്നിവയാണ് പുതുതായി ലൈസൻസ് കരസ്ഥമാക്കിയതെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (സിഐടിസി) അറിയിച്ചു. നിലവിൽ വിർജിൻ മൊബൈൽ കെഎസ്‌എ, ഇത്തിഹാദ് ജാവ്‌റമൊബൈൽ എന്നീ വെർച്വൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ (എംവിഎൻഒ) രാജ്യത്തുണ്ട്.
ടെലികോം, മൊബൈൽ ഡാറ്റ, ഇൻറർനെറ്റ് സേവനങ്ങൾ എന്നിവയിലെ നവീകരണത്തിന് സംഭാവന നൽകാൻ കഴിയുന്ന വിഷൻ 2030 ന്റെ പ്രധാന ഘടകമായി രാജ്യത്തെ ഡിജിറ്റൽ സൊസൈറ്റിയാക്കി മാറ്റുന്നതിന്റെ ഭാഗമാണ് പുതിയ നീക്കങ്ങൾ.
എംവിഎൻഒ ലൈസൻസുള്ള കമ്പനികൾക്ക് ടവറുകളോ ഫ്രീക്വൻസികളോ ഇല്ലാതെ ഉപയോക്താക്കൾക്ക് വോയ്‌സ് കോളുകൾ, ഇൻറർനെറ്റ്, എസ്എംഎസ്, വോയ്‌സ്‌മെയിൽ, മീഡിയ സേവനങ്ങൾ തുടങ്ങി വിവിധ സേവനങ്ങൾ നൽകാൻ കഴിയും. നിലവിൽ എസ് ടി സി, മൊബൈലി, സൈൻ, വിർജിൻ, ലിബറ തുടങ്ങിയ കമ്പനികളാണ് ഇത്തരം സൗകര്യങ്ങൾ നൽകുന്നത്. ഇതിനായി വെർച്വൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ അടിസ്ഥന സൗകര്യങ്ങളുള്ള സേവന ദാതാക്കളിൽ നിന്ന് സംവിധാനങ്ങളെ ആശ്രയിക്കും. അടിസ്ഥാന സൗകര്യങ്ങളുള്ള ഇത്തരം മൊബൈൽ കമ്പനികളുമായി മൊബൈൽ വെർച്വൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ സേവനങ്ങൾ നൽകുന്നതിന് കരാറിൽ ഏർപ്പെടും.