സഊദി വാക്സിൻ രജിസ്ട്രേഷൻ പ്രതിസന്ധി: അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ‘ടാസ്ക്’ നിവേദനം നൽകി

0
2477

തിരുവനന്തപുരം: സഊദി വാക്സിൻ രജിസ്ട്രേഷൻ പ്രതിസന്ധിയിൽ പെട്ടുഴലുന്ന പ്രവാസികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അടിയന്തിരമായി ഗവൺമെന്റ് ഇടപെടൽ ആവശ്യപ്പെട്ട് ട്രാവൽ മേഖലയിലെ കൂട്ടായ്മ ടാസ്ക് മുഖ്യ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നൽകി. ചില രാജ്യങ്ങൾ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ അവരുടെ രാജ്യത്തിന്റെ ഇന്ത്യയിൽ ഉള്ള കോൺസലേറ്റുകളിൽ നിന്നും അറ്റസ്റ്റേഷൻ ചെയ്യണം എന്നും പറയുന്നുണ്ടെന്നും സഊദി പ്രവാസികൾക്കു ഇത്തരത്തിൽ അറ്റസ്റ്റേഷൻ ദുരിതത്തിലാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അറ്റസ്റ്റ് ചെയ്യുന്നതിന് ഒരു വാക്സിനേഷൻ സർട്ടിഫിക്കറ്റിനു 5,000 രൂപയോളം ചിലവ് വരുന്നുണ്ടെന്നും ഒന്നാം ഡോസും രണ്ടാം ഡോസും സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ പ്രവാസികൾക്കു 10,000 രുപയോളം ചിലവ് വരുന്നുന്നുണ്ടെന്നും നിവേദനത്തിൽ ചൂണ്ടികാട്ടി.

പ്രവാസികളുടെ കൊവിഡ് വാക്സിനേഷൻ വിഷയത്തിൽ ഇടപെട്ടു വാക്സിനേഷൻ വേഗത്തിലാക്കുകയും വാക്സിൻ സർട്ടിഫിക്കറ്റിൽ പേരുകൾ ആവശ്യത്തിന് മാറ്റം വരുത്തുകയും ചെയ്യാൻ ഇടപെട്ട സർക്കാരിന് നന്ദി അർപ്പിക്കുന്നുവെന്നും നിലവിൽ പ്രവാസികൾ നേരിടുന്ന അധിക സാമ്പത്തിക ചെലവ് ഒഴിവാക്കാൻ ഫൈനൽ സർട്ടിഫിക്കറ്റ് എന്ന രീതിയിൽ വാക്സിന്റെ രണ്ടു ഡോസിന്റെയും തിയതിയും ബാച്ച് നമ്പറും ഉൾപ്പെടുന്ന ഒറ്റ സർട്ടിഫിക്കറ്റ് നൽകിയാൽ ഒരു സെർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യലിലൂടെ അവരുടെ പ്രശ്നം പരിഹരിക്കുകയും സാമ്പത്തിക നഷ്ടവും ഒഴിവാകുമെന്നും നിവേദനത്തിൽ പറയുന്നു. ഇതിനു പുറമെ വെരിഫിക്കേഷന് വേണ്ടി ഒറിജിനൽ റിപ്പോർട്ടുമായി ബന്ധിപ്പിക്കുന്ന ക്യു ആർ കോഡ് സംവിധാനവും നടപ്പിലാക്കിയാൽ മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രക്ക് വെരിഫിക്കേഷൻ എളുപ്പമാകുകയും സർട്ടിഫിക്കറ്റിന്റെ ആധികാരികതയും ഉറപ്പു വരുത്താൻ സാധിക്കുന്നതാണെന്നും സംഘം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.