ദോഹ: ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് സന്ദർശക വിസ ലഭ്യമായിത്തുടങ്ങി. ആഭ്യന്തര മന്ത്രാലയം സേവനങ്ങളുടെ ആപ്പ് ആയ മെത്രാഷ്2 ല്‍ ആണ് ഇന്ത്യക്കാര്‍ക്കും വിസിറ്റ് വിസ ഒപ്ഷന്‍ ലഭിച്ചു തുടങ്ങിയത്. നേരത്തെ, ജൂലൈ 11 മുതല്‍ വിസിറ്റിങ് വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മെത്രാഷ് 2ല്‍ ഇന്ത്യക്കാര്‍ക്ക് വിസിറ്റ് വിസ അപേക്ഷിക്കുന്നതിനുള്ള ഒപ്ഷന്‍ ഇന്ന് മുതലാണ് ലഭ്യമായത്.
പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്കു മാത്രമേ ഇന്ത്യയില്‍ നിന്നും വിസിറ്റ് വിസയില്‍ വരാന്‍ സാധിക്കുകയുള്ളു. 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ ഇന്ത്യയില്‍ നിന്ന് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വിസിറ്റ് വിസയില്‍ വരാന്‍ കഴിയില്ല.
യാത്രാനിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ഇന്നലെ പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നതോടെ കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ്, ഹൈദരാബാദ്, ന്യൂഡൽഹി, മുംബൈ, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള ഖത്തർ എയർവേസ് എന്നിവയുടെ വിമാനങ്ങൾ തിങ്കളാഴ്ച ഇന്ത്യയിൽ നിന്നായി ദോഹയിലിറങ്ങിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനിന്ന 10 ദിന ഹോട്ടൽ ക്വാറൻറീൻ കടമ്പയിൽനിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച യാത്രക്കാരെ ഒഴിവാക്കിയ ഏറെ ആശ്വാസത്തോടെയാണ് പ്രവാസികൾ വരവേറ്റത്. അതേസമയം, പെരുന്നാൾ കൂടി അടുത്തതിനാൽ വർധിച്ച തോതിലാണ്ണ് ടിക്കറ്റ് ബുക്കിങ്ങെന്ന് ട്രാവൽ-ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.