വ്യോമാക്രമണ പ്രതിരോധത്തിനിടെ അവശിഷ്ടം വീണു, പ്രവാസി ഡ്രൈവ‍ർക്ക് ദാരുണാന്ത്യം

ദുബായി: ദുബായിൽ വ്യോമാക്രമണ പ്രതിരോധത്തിനിടെയുണ്ടായ അവശിഷ്ടങ്ങൾ വീണ് പ്രവാസി ഡ്രൈവർക്ക് ദാരുണാന്ത്യം. ദുബായിലെ അൽ ബ‍ർഷയിലുണ്ടായ സംഭവത്തിൽ ഏഷ്യക്കാരനാണ് മരിച്ചത്.

പാകിസ്ഥാൻ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആകാശത്തുണ്ടായ പ്രതിരോധ നടപടികളുടെ ഭാഗമായുണ്ടായ അവശിഷ്ടങ്ങൾ വാഹനത്തിന് മുകളിൽ വീണാണ് അപകടമുണ്ടായതെന്നാണ് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വിശദമാക്കുന്നത്. മരിച്ച വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ദുബായ് മറീനയിലും സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവിടെ ഒരു ടവറിന്റെ മുൻഭാഗത്ത് പ്രതിരോധ അവശിഷ്ടങ്ങൾ വീണ് ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായി മീഡിയ ഓഫീസ് അറിയിക്കുന്നത്.