സഊദിയിൽ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

0
6460

റിയാദ്: സഊദിയിൽ മലയാളിയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി അമീറലിയെ ജിദ്ദയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് ഇന്ന് ജിദ്ദയിൽ വധശിക്ഷക്ക് വിധേയനാക്കിയത്. അമീർ അലിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഊദി പൗരനായ ഫുആദ് ബിൻ നൂഹ് ബിൻ മുഹമ്മദ്‌ ബിൻ അബ്ദുല്ല എന്നയാളെയാണ് ജിദ്ദയിൽ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കമ്പനിയിൽ കവർച്ച നടത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെ അമീർ അലിയെ വധിച്ച പ്രതി ഇദ്ദേഹത്തിന്റെ പക്കലുള്ള പണം അപഹാരിച്ചു മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. കൊലപാതക വിവരം പുറത്തുവന്ന ഉടൻ സുരക്ഷാവിഭാഗം നടത്തിയ അന്വേഷണത്തിൽ ഉടൻ തന്നെ പ്രതി പിടിയിലാകുകയും ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.

ക്രിമിനൽ കോടതിയിൽ കൊലപാതകം തെളിഞ്ഞതോടെ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇത് അപ്പീൽ കോടതിയും സുപ്രീം ജുഡീഷ്യൽ കോർട്ടും ശരിവെച്ചതോടെയാണ് പ്രതിയുടെ ശിക്ഷ നടപ്പാക്കിയതെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.