ജിദ്ദ: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനിഷ്ടം വകവെക്കാതെ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കൊവിഡ് ബാധിച്ചു മരിച്ചവരുടെ ലിസ്റ്റുകൾ തയ്യാറാക്കുമ്പോൾ വിദേശങ്ങളിൽ വെച്ച് കൊവിഡ് ബാധിച്ചു മരണപ്പെട്ട പ്രവാസികളെയും ഉൾപെടുത്തണമെന്നും ഇതിനായി അതാത് രാജ്യങ്ങളിലെ എംബസി മുഖാന്തിരം കൊവിഡ് ബാധിച്ചു മരണപ്പെട്ട മലയാളികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
അവധിക്ക് നാട്ടിൽ വന്നവർക്ക് സഊദിയിലേക്ക് മടങ്ങാൻ സഊദി ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ തവക്കൽന ആപ്പിലെ വാക്സിൻ രെജിസ്ട്രേഷൻ സംബന്ധമായ സാങ്കേതിക പ്രശ്നങ്ങൾ സഊദി സർക്കാരുമായി ബന്ധപെട്ടു ഉടൻ പരിഹരിക്കുന്നതിനും സർക്കാർ അടിയന്തിര ഇടപെടൽ ഉണ്ടാവണം.
നാട്ടിൽ നിന്നും രണ്ടു ഡോസ് വാക്സിനും എടുത്തവർ സഊദി ആരോഗ്യവകുപ്പിന്റെ തവക്കൽന ആപ്പിൽ രജിസ്റ്റർ ചെയ്തു ഇമ്മ്യൂണൈസേഷൻ കൺഫേം ആയെങ്കിൽ മാത്രമേ സഊദിയിലേക്ക് ക്വാറന്റൈൻ ഇല്ലാതെ പ്രവേശനാനുമതി ലഭിക്കൂ. പക്ഷെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഊദി എംബസി അറ്റസ്റ്റേഷൻ ഇല്ലെന്ന കാരണത്താൽ പലരുടെയും രെജിസ്ട്രേഷൻ കൺഫേം ആവാതെ തള്ളപ്പെടുകയാണ്. എന്നാൽ സഊദി അധികൃതർ വാക്സിനേഷൻ സെര്ടിഫിക്കറ്റിൽ അറ്റസ്റ്റേഷൻ വേണമെന്ന് ഇതിന് വേണ്ട നിർദേശങ്ങളിൽ എവിടെയും ആവശ്യപ്പെട്ടിട്ടില്ല.
രണ്ടാം ഡോസ് എടുത്ത സെര്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത അപ്ലോഡ് ചെയ്തവർക്ക് വാക്സിനേഷൻ പൂര്ണമായിട്ടില്ല എന്ന കാരണം കാണിച്ചും കൺഫെർമേഷൻ ലഭിക്കുന്നില്ല. അറ്റസ്റ്റേഷൻ പ്രക്രിയ വളരെ കൂടുതൽ സമയമെടുക്കുന്നതും അപ്രായോഗികവുമാണ്. ഈ സാങ്കേതികത്വം പരിഹരിച്ചു വാക്സിനേഷൻ രണ്ടു ഡോസും എടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ സഊദി ആരോഗ്യവകുപ്പിന്റെ ആപ്പിൽ അപ്ലോഡ് ചെയ്യുന്ന ഉടൻ കൺഫെർമേഷൻ ലഭിക്കുന്ന വിധം ക്രമീകരിക്കുന്നതിനും സഊദിയിലേക്ക് കൊറന്റൈൻ ഇല്ലാതെ മടങ്ങുന്നതിനും ഇന്ത്യൻ വിദേശകാര്യ വകുപ്പ് വഴി എംബസി മുഖാന്തിരം സഊദി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു അടിയന്തിര പരിഹാരം കാണുന്നതിന് വേണ്ട ഇടപെടൽ സംസ്ഥാന സർക്കാരിൽ നിന്ന് ഉണ്ടാവേണ്ടതുണ്ട്.
അതേപോലെ നാട്ടിൽ നിന്നും സഊദിയിലേക്ക് മടങ്ങുന്നതിന് വേണ്ടി റഷ്യ, എത്യോപ്യ തുടങ്ങി രാജ്യങ്ങളിൽ എത്തി ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം തവക്കൽന ആപ്പിലെ രെജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കാത്തത് കാരണം സഊദിയിലേക്ക് യാത്ര ചെയ്യാനാവാതെ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ ഇടപെടുന്നതിനും കേന്ദ്ര വിദേശകാര്യ വകുപ്പിൽ വേണ്ട സമ്മർദ്ദം ചെലുത്തി പരിഹാരം കാണുന്നതിന് സർക്കാർ തലത്തിൽ അടിയന്തിര നടപടി ഉണ്ടാവേണ്ടതുണ്ട്.
സൗദിയിലേക്ക് മടങ്ങാൻ വേണ്ടി വൻ സാമ്പത്തിക ബാധ്യത വരുത്തി വിദേശ രാജ്യങ്ങളിൽ അകപ്പെട്ടവരിൽ ഭൂരിഭാഗവും മലയാളികളാണ് എന്നതിനാൽ കേരള സർക്കാർ ഇക്കാര്യത്തിൽ പ്രത്യകം ശ്രദ്ധ ചെലുത്തി വേണ്ട നടപടികൾ എടുക്കാൻ ബാധ്യസ്ഥരാണ്.
ലക്ഷകണക്കിന് പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയതായി സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു, സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ തകർക്കുന്ന പ്രവാസികളുടെ ഈ അടിയന്തിര പ്രശ്നത്തിൽ ഇടപെട്ടു വിസ കാലാവധിയുള്ളവർക്കെങ്കിലും അവരുടെ തൊഴിൽ നഷ്ടപ്പെടാതെ തിരിച്ചു വരുന്നതിന് വേണ്ട അടിയന്തിര ഇടപെടലുകൾ നടന്നില്ലെങ്കിൽ സംസ്ഥാനത്തിന് സാമ്പത്തിക തൊഴിലില്ലായ്മ രംഗത്ത് ഗുരുതരമായ പ്രത്യാഘതങ്ങൾ നേരിടേണ്ടിവരുമെന്ന് കെഎംസിസി സർക്കാരിനെ ഓർമപ്പെടുത്തി.
കോവിഡ് ഡെൽറ്റാ വകഭേദം വീണ്ടും ലോകത്തെ ലോക് ഡൗണിലേക്ക് നയിക്കുമ്പോൾ സഊദി അറേബ്യയുൾപ്പെടെ എല്ലാ രാജ്യങ്ങളും യാത്ര നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. പ്രവാസികളുടെ യാത്രയും അവരുടെ ജോലിയും കൂടുതൽ പ്രയാസകരമായ അവസ്ഥയിലേക്ക് നീങ്ങുമ്പോൾ ഭാഗികമായെങ്കിലും യാത്ര അനുമതി ലഭിക്കുന്നതിന് ഇതര രാജ്യങ്ങളിലെ പോലെ ഇന്ത്യ – സഊദി എയർ ബബിൾ കരാർ ഒപ്പു വെക്കുന്നതിനും കേന്ദ്ര സർക്കാരിൽ സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം ഉണ്ടാവണമെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രെട്ടറി അബൂബക്കർ അരിമ്പ്ര, ട്രഷറർ അൻവർ ചേരങ്കൈ, ചെയർമാൻ നിസാം മമ്പാട്, ഭാരവാഹികളായ റസാഖ് മാസ്റ്റർ , ഇസ്മായിൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി , ശിഹാബ് താമരക്കുളം, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി, പി.സി.എ. റഹ്മാൻ ഇണ്ണി, എ.കെ. ബാവ എന്നിവർ ആവശ്യപ്പെട്ടു.



