കോഴിക്കോട്: വിദേശയാത്രയ്ക്ക് നൽകുന്ന കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ കേന്ദ്ര, സംസ്ഥാന വ്യത്യാസം വിനയാകുന്നു. ഒന്നാമത്തെ ഡോസ് വാക്സിന് കൊവിൻ ആപ്പിൽ നിന്നുള്ള കേന്ദ്രസർക്കാർ സർട്ടി ഫിക്കറ്റും രണ്ടാമത്തെ ഡോസിന് സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റും ലഭിച്ചവരാണ് സഊദി അടക്കമുള്ള രാജ്യങ്ങളുടെ വെബ്സൈറ്റിൽ രേഖ അപ്ഡേറ്റ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. നിലവിൽ സഊദി പ്രവാസികൾക്ക് അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ബഹു ഭൂരിപക്ഷം പേരുടെയും അപേക്ഷ തിരസ്കരിക്കപെടുകയാണ്. അതിന്റെ പ്രധാന കാരണം ഇതായിരിക്കുമെന്നാണ് കരുതുന്നത്.
രണ്ടിടങ്ങളിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്കും ഒരേ റഫറൽ നമ്പറാണ് രേഖപ്പെടുത്തിയതെങ്കിലും പലരുടെയും സർട്ടിഫിക്കറ്റ് തള്ളപ്പെടുകയാണ്. രണ്ട് തരം സർട്ടിഫിക്കേറ്റ്, രണ്ടിലും വ്യത്യസ്തമായ കേന്ദ്ര, കേരള എംബ്ലങ്ങൾ തുടങ്ങി ഒറ്റ നോട്ടത്തിൽ തന്നെ രണ്ട് തരം സർട്ടിഫിക്കറ്റ് ആണെന്ന് തോന്നുന്നതിനാൽ ഇത് സ്വീകരിക്കാൻ സാധ്യതയില്ല. ഇതാണ് അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ തിരസ്കരിക്കപ്പെടാൻ കാരണമെന്നാണ് കരുതുന്നത്. രണ്ട് ഡോസ് സ്വീകരിച്ചവർക്ക് രണ്ട് ഡോസുകളും സ്വീകരിച്ച തിയ്യതി, ബാച്ച് നമ്പർ എന്നിവ ഉൾപ്പെടുത്തി ഫൈനൽ സർട്ടിഫിക്കറ്റ് നൽകിയാലും ആശ്വാസമാകും.
കൊവിഡ് വാക്സിനേഷൻ കാംപിൽനിന്ന് രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കൊവിൻ ആപ്പിൽനിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇവർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതായി വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം.