വാക്സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി പണം മുടക്കും മുമ്പ് കുറച്ച് കാത്തിരിക്കൂ

0
6259

കോഴിക്കോട്: തവക്കൽന അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി സഊദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അപേക്ഷകൾ തള്ളിയതോടെ അറ്റസ്റ്റേഷൻ നിർബന്ധമാണെന്ന് കരുതി പ്രവാസികൾ ഇതിനായുള്ള ഒരുക്കത്തിലാണ്. എന്നാൽ, ചാടിക്കയറി അറ്റസ്റ്റേഷൻ ചെയ്യാൻ പണം മുടക്കും മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരും വരെ കാത്തിരിക്കുന്നത് നല്ലതാണ്. അറ്റസ്റ്റേഷൻ വേണമെന്നത് സഊദിയിലെ ഒരു വകുപ്പുകളും ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാലും അറ്റസ്റ്റേഷൻ ഇല്ലാതെ തന്നെ പലർക്കും അപ്ഡേറ്റ് ആയതിനാലും ഇത് നിർബന്ധമുള്ളതല്ലെന്നാണ് കരുതുന്നത്. ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ കൊടുത്ത നിർദ്ദേശത്തിലും അത്തരത്തിൽ ഒരു നിബന്ധനയില്ലെന്നതും ശ്രദ്ധേയമാണ്.

സർട്ടിഫിക്കറ്റിൽ സഊദി എംബസി അറ്റസ്റ്റേഷൻ ഇല്ല എന്ന കാരണമാണു അപേക്ഷ തള്ളിക്കൊണ്ടുള്ള സന്ദേശങ്ങളിൽ അറിയിച്ചിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ ദിവസം ഇത്തരത്തിൽ അപേക്ഷ തള്ളപ്പെട്ട ഒരു വ്യക്തി ഡൽഹിയിലെ സഊദി എംബസിയിലേക്ക് നാട്ടിൽ നിന്ന് നേരിട്ട് വിളിച്ച് വിഷയം അറിയിച്ചപ്പോൾ എംബസി അറ്റ്സ്റ്റേഷൻ സർട്ടിഫിക്കറ്റിൽ ആവശ്യമില്ലെന്നും സൈറ്റിൻ്റെ ടെക്നിക്കൽ ഇഷ്യുവാണെന്നുമുള്ള മറുപടിയാണ് ലഭിച്ചത് എന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇക്കാര്യങ്ങൾ എല്ലാം സൂചിപ്പിക്കുന്നത് കൊവിഡ് സർട്ടിഫിക്കറ്റിൽ അറ്റസ്റ്റെഷൻ നിർബന്ധം ഇല്ലെന്നതാണ്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തമായ ഒരു മറുപടി ലഭ്യമാകുമെന്നാണ് കരുതുന്നത്. ഏതായാലും പ്രവാസികൾ ചാടിക്കയറി അറ്റസ്റ്റേഷൻ ചെയ്യാൻ പണം മുടക്കും മുമ്പ് അൽപം കാത്തിരിക്കുന്നത് നല്ലതായിരിക്കും.

കൂടുതൽ വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകൂ

https://chat.whatsapp.com/CgoU5v8qD6jCVjX9viqHTN