നാട്ടിലെ വാക്സിൻ സർട്ടിഫിക്കറ്റ് വ്യാപകമായി തള്ളപ്പെടുന്നു, അപ്ഡേറ്റ് ചെയ്യാൻ കഴിയാതെ സഊദി പ്രവാസികൾ, എംബസി ഇടപെടൽ ആവശ്യം

0
6165

കോഴിക്കോട്: നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ചിട്ടും സഊദിയിലെ ആരോഗ്യ മന്ത്രാലയ രജിസ്ട്രേഷൻ നടത്താൻ സാധിക്കാതെ പ്രവാസികൾ. പ്രവാസികൾക്ക് വേഗത്തിൽ വാക്സിനും സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഏകദേശം പരിഹാരം ആയി വരുമ്പോഴാണ് ഇത് കൊണ്ടും കാര്യമായ പ്രയോചനം കിട്ടാത്ത അവസ്ഥയിൽ പ്രവാസികൾ ബുദ്ധിമുട്ടുന്നത്. നിലവിൽ സഊദിയിലെ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കാനായി രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുകയും വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തവർ രജിസ്ട്രേഷൻ നടത്താൻ സമയത്താണ് അടുത്ത പ്രശ്നം ഉടലെടുക്കുന്നത്.

നിലവിൽ സഊദിയിലേക്ക് വിദേശികൾ റീ എൻട്രി വിസയിൽ വരുമ്പോൾ ആവശ്യമായ നിർബന്ധിത ക്വാറന്റൈൻ ഒഴിവാകണമെങ്കിൽ തവക്കൽന ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് ആയിരിക്കണം. ഇതിനായി നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് സഊദി ആരോഗ്യ മന്ത്രാലയം രജിസ്ട്രേഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിൽ രജിസ്റ്റർ ചെയ്തവർക്കാണ് ഇപ്പോൾ നിരാശ ജനകമായ ഫലം ലഭ്യമാകുന്നത്. പലർക്കും വാക്സിൻ സർട്ടിഫിക്കറ്റ് സഊദി എംബസി അറ്റസ്റ്റേഷൻ ഇല്ലെന്ന കാരണം പറഞ്ഞു തള്ളപ്പെടുകയാണ്.

ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അറ്റസ്റ്റേഷൻ ഇല്ലാത്തതിനാൽ അപേക്ഷ നിരസിച്ചതായ സന്ദേശം

എന്നാൽ, അറ്റസ്റ്റേഷനൊന്നും കൂടാതെ തന്നെ ചിലരുടേത് സ്വീകരിക്കുകയും തവക്കൽന അപ്ഡേറ്റ് ആകുകയും ചെയ്തിട്ടുണ്ട്. ചിലർക്ക് മാത്രം ഇത്തരത്തിൽ അറ്റസ്റ്റേഷൻ ആവശ്യമെന്ന് സൂചിപ്പിച്ച് തള്ളുന്നതിന്റെ കാരണം ഇത് വരെ വ്യക്തമല്ല. ഇപ്പോൾ വ്യാപകമായി ഇതേ കാരണത്താലാണ് നിരസിക്കുന്നത്. സഊദി അധികൃതർ അറ്റസ്റ്റേഷൻ നിർബന്ധമാണെന്ന് ഇത് വരെ എവിടെയും വ്യക്തമാക്കിയിട്ടില്ലെന്ന് മാത്രമല്ല രജിസ്ട്രേഷൻ സമയത്ത് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയുന്നുണ്ടെങ്കിലും അറ്റസ്റ്റേഷൻ കാര്യം അവിടെയും സൂചിപ്പിക്കുന്നില്ല. അതേസമയം, രണ്ടാമത്തെ ഡോസ് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തവർക്ക് ഡോസ് പൂർണ്ണമായിട്ടില്ലെന്ന കാരണം ചൂണ്ടികാട്ടിയും നിരസിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കാനും തള്ളാനുമുള്ള മാനദണ്ഡം എന്നതാണെന്നതിൽ ഇത് വരെ വ്യക്തത കൈവന്നിട്ടില്ല.

ഇക്കാര്യത്തിൽ എംബസിയുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടൽ ആവശ്യമായി വന്നിരിക്കുകയാണ്. ഇന്ത്യൻ സർക്കാർ നൽകുന്ന വാക്സിൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യുന്നതിൽ ചിലവ് കൂടുന്നുവെന്ന് മാത്രമല്ല ലക്ഷകണക്കിന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പ്രായോഗികതയും പ്രശ്നങ്ങൾ ഉയർത്തും. മാത്രമല്ല, ഏതെല്ലാം സർട്ടിഫിക്കറ്റുകൾ അറ്റസ്റ് ചെയ്യണം ഫൈനൽ ഡോസ് മാത്രം മതിയോ എന്നുള്ള കാര്യങ്ങളിലെല്ലാം വ്യക്തത കൈവരേണ്ടതുണ്ട്. അടുത്ത ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.