കാണാതായ മലയാളിയെ നാട് കടത്തൽ കേന്ദ്രത്തിൽ കണ്ടെത്തി

0
4245

ദമാം: കഴിഞ്ഞ മൂന്നാഴ്ചയായി കിഴക്കൻ സഊദിയിലെ ഹഫർ അൽ ബാത്വിനിൽ നിന്നും കാണാതായ മലയാളിയെ തർഹീലിൽ കണ്ടെത്തി. ആറ്റിങ്ങൽ ആലംകോട് സ്വദേശി പ്രദീഷ് ചന്ദ്രശേഖരനെയാണ് ദമാം തർഹീലിൽ കണ്ടെത്തിയത്. ജൂൺ നാലിന് ജോലി സംബന്ധമായി സ്‌പോൺസറുടെ കൂടെ പോയ യുവാവിനെ കുറിച്ച് ഒരു വിവരവുമില്ലെന്നായിരുന്നു കുടുംബവും സുഹൃത്തുക്കളും പരാതിപ്പെട്ടിരുന്നത്. അഞ്ചു വർഷമായി ഒരു സ്വകാര്യ കമ്പനിയിലെ ട്രെയിലർ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന പ്രദീഷ് കഴിഞ്ഞ ഏപ്രിൽ നാലിന് അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തി പുതിയൊരു കമ്പനിയിലേക്ക് മാറാനുള്ള ശ്രമത്തിനിടയിലാണ് കാണാതാവുകയായിരുന്നു. ഇതിനിടയിൽ ബന്ധുക്കളും സുഹൃത്തുക്കളും, മറ്റു ചില സാമൂഹ്യ പ്രവർത്തകരും വിവിധ മാർഗങ്ങളിലൂടെ അന്വേഷണം നടത്തിയെങ്കിലും പ്രദീഷിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതിനിടയിലാണ് ആറ്റിങ്ങൽ മുൻ എം.എൽ.എ അഡ്വ. ബി സത്യൻ ദമാമിലെ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കവുമായി ഇടപെട്ടു പ്രദീഷിന്റെ തിരോധാനത്തിന്റെ വിവരങ്ങൾ നൽകുകയും അദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചത്. ഇതനുസരിച്ച് നാസ് വക്കം നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ ദമാം തർഹീലിൽ നിന്നും കണ്ടെത്തിയത്. ഉടൻ പ്രദീഷിനെ ജാമ്യത്തിൽ തർഹീലിൽ നിന്നും പുറത്തിറക്കി തന്റെ താമസ സ്ഥലത്ത് എത്തിച്ചു.

ഒന്നര വർഷം മുമ്പ് നാട്ടിലേക്ക് പോയ പ്രദീഷ് കഴിഞ്ഞ ജനുവരിയിൽ യു എ ഇ യിൽ പതിനാലു ദിവസത്തെ ക്വാറന്റൈൻ പൂർത്തീകരിച്ച് സഊദിയിലേക്ക് വരാനിരിക്കെ അവസാന ദിവസം നിർഭാഗ്യവശാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് സഊദിയിലേക്ക് നേരിട്ട് പ്രവേശനം നിർത്തി വെച്ചതോടെ ഇവിടെ കുടുങ്ങിയിരുന്നു. പിന്നീട് ചില സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടു മാസത്തോളം സ്വകാര്യമായി ജോലിയും ചെയ്തു. ഇതിനിടയിൽ ഏപ്രിൽ 14ന് ബഹ്‌റൈൻ വഴി സഊദിയിലെത്തി. ഒന്നര വർഷം മുൻപാണ് പ്രദീഷ് നാട്ടിലേക്ക് പോയത്. നാട്ടിലെത്തി വിവാഹവും കഴിച്ചു ഭാര്യയുടെ പ്രസവവും കഴിഞ്ഞാണ് മടങ്ങിയത്. ഇഖാമ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുകയും, റീ എൻട്രി നീട്ടുകയും ചെയ്തു. ദുബായ്, ബഹ്റൈൻ വഴി വരുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതും നാട്ടിൽ നിന്നും സഊദിയിലെത്താൻ വേണ്ട എല്ലാ നടപടി ക്രമങ്ങളും ചെയ്ത് നൽകിയതും സ്‌പോൺസർ തന്നെയായിരുന്നു.

സഊദിയിലെത്തിയ പ്രദീഷ് ഈ സ്‌പോൺസറുടെ അടുത്ത് നിന്നും പുതിയ ഒരാളിലേക്കു മാറി ജോലി ചെയ്യാനുള്ള ശ്രമം നടത്തിയതാണ് വിനയായത്. കഫാല മാറ്റത്തിനായി നടത്തിയ ശ്രമം മനസ്സിലായതോടെ, സ്‌പോൺസർ ഇത്രയൊക്കെ സൗകര്യങ്ങൾ ഒരുക്കിയ തന്നെ ചതിക്കുന്നു എന്നതിൽ കോപിഷ്ടനായി ഹുറൂബ് ആക്കുകയായിരുന്നു. സ്‌പോൺസറുടെ സഹോദരൻ പ്രദീഷിനെ പോലീസിൽ ഏൽപ്പിക്കുകയും ഹഫർ അൽ ബാത്തിൻ തർഹീലിൽ എത്തിക്കുകയായിരുന്നു.

പ്രദീഷിനെ നാട്ടിലേക്ക് മടങ്ങുന്നതിനു ജൂലായ് രണ്ടിന് റിയാദിൽ നിന്നും ദൽഹിയിലേക്ക് അയക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് തന്നെ നേരിട്ട എത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് പ്രദീഷിനെ സ്വന്തം ജാമ്യത്തിൽ പുറത്തിറക്കിയ നാസ് വക്കം പറഞ്ഞു.