സഊദിയിൽ മയക്കു മരുന്ന് കടത്ത് സംഘവുമായി സുരക്ഷ സേനയുടെ ഏറ്റുമുട്ടൽ, ഒരാൾ കൊല്ലപ്പെട്ടു

0
1985

റിയാദ്: സഊദിയിൽ മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി. നജ്‌റാൻ മേഖലയിലെ ഷറൂറ ഗവർണറേറ്റിലാണ് സുരക്ഷ സേന, ‘വാണ്ടഡ്’ ലിസ്റ്റിൽ പെട്ട മയക്കുമരുന്ന് കടത്ത് പ്രതികളുമായി ഏറ്റുമുട്ടിയത്. ഇവരിൽ രണ്ട് പ്രതികളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തെങ്കിലും മറ്റൊരാൾ ഏറ്റുമുട്ടലിനിടെ പരിക്കേൽക്കുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.

മയക്കുമരുന്ന് കടത്ത് കേസുകളിലെ നിരവധി കുറ്റവാളികളെ ഇന്നലെ ഗവർണറേറ്റിലെ ഒരു പ്രദേശത്ത് കണ്ടെത്തിയതായി അധികൃതർ വെളിപ്പെടുത്തി. സുരക്ഷാ സേനക്കെതിരെ പ്രതികൾ വെടിവെച്ചതിനെ തുടർന്നാണ് കീഴ്പ്പെടുത്തുന്നതിനായി വെടിവെച്ചതെന്ന് സുരക്ഷ സേന വ്യക്തമാക്കി. തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പ്പ് നടത്തിയതായും അവരെല്ലാം സഊദി പൗരന്മാരാണെന്നും സേന കൂട്ടിച്ചേർത്തു.