റിയാദ്: സഊദിയിൽ ‘തവക്കൽന’ ആപ്ലിക്കേഷനിൽ ആരോഗ്യ സ്ഥിതി ‘ഇമ്മ്യൂൺ’ സ്റ്റാറ്റസിലേക്ക് മാറ്റുന്നതിനായി പ്രവർത്തിച്ചവർ അറസ്റ്റിൽ. അഴിമതിവിരുദ്ധ സമിതിയാണ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ അടക്കം വിദേശികൾ ഉൾപ്പെട്ട സംഗത്തെ പിടികൂടിയത്. തവക്കൽനയിലെ ആരോഗ്യ സ്റ്റാറ്റസ് മൂന്ന് വിധത്തിലുള്ള ഇമ്മ്യൂൺ സ്റ്റാറ്റസിലേക്ക് മാറ്റുന്നതിനായി ഇവർ പണം സ്വീകരിക്കുകയായിരുന്നു. തുടർന്ന് ഇതിന് വേണ്ടിയുള്ള സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിക്കുകയും അപ്‌ലോഡ് ചെയ്യുകയുമായിരുന്നു.
സോഷ്യൽ മീഡിയയിൽ ഇതിനായി പരസ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഉടൻ തന്നെ നടപടിക്രമങ്ങൾ ആരംഭിച്ച് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെയും മധ്യസ്ഥന്മാരായ പൗരന്മാരെയും വിദേശികളെയും ആരോഗ്യനിലയിൽ മാറ്റം വരുത്തിയവരെയും അറസ്റ്റ് ചെയ്തതായി അതോറിറ്റി വ്യക്തമാക്കി.
കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.