റിയാദ്: വിവിധ മേഖലകളിൽ വൈവിധ്യമായ മാർഗ്ഗങ്ങളിലൂടെ നടപ്പിലാക്കുന്ന ശക്തമായ സഊദിവത്കരണം വൻ വിജയം കാണുന്നതായി കണക്കുകൾ. രാജ്യത്തെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്‌മ നിരക്കിൽ വൻകുറവാണ് ഈ കൊവിഡ് പ്രതിസന്ധിക്കിടെയും ഉണ്ടായിരിക്കുന്നത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗസ്റ്റാറ്റ്) പുറത്തിറക്കിയ ഈ വർഷത്തെ ലേബർ മാർക്കറ്റ് സ്റ്റാറ്റിസ്റ്റിക്സ് ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ തൊഴിലില്ലായ്‌മ നിരക്ക് 11.7 ശതമാനമായി കുറഞ്ഞതയാണ് കണക്കുകൾ.
15 വയസും അതിൽ കൂടുതലുമുള്ള യുവതി യുവാക്കൾക്കൾക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് 2020 നാലാം പാദത്തിൽ 12.6 ശതമാനമായിരുന്നു. ഇവിടെ നിന്നാണ് 2021 ന്റെ ആദ്യ പാദത്തിൽ 11.7 ശതമാനമായി കുറഞ്ഞത്. തൊഴില്ലായ്‌മ നിരക്ക് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ഏകദേശം ഒരു ശതമാനം എന്ന തോതിലാണ് കുറഞ്ഞിരിക്കുന്നത്.
ലേബർ ഫോഴ്‌സ് സർവേ അടിസ്ഥാനമാക്കിയുള്ള ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് കണക്കനുസരിച്ച്15 വയസും അതിൽ കൂടുതലുമുള്ള സഊദി, സഊദിയിതര യുവതി യുവാക്കളിൽ തൊഴിലില്ലായ്‌മ നിരക്ക് 2021 ന്റെ ആദ്യ പാദത്തിൽ 6.5 ശതമാനമായി കുറഞ്ഞു. 2020 അവസാന പാദത്തിൽ ഇത് 7.4 ശതമാനമായിരുന്നു.
2020 അവസാന പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ യുവാക്കളുടെ തൊഴിലില്ലായ്‌മ നിരക്ക് 4.0 ശതമാനത്തിൽ നിന്ന് 3.7 ശതമാനമായും യുവതികളുടെ തൊഴിലില്ലായ്‌മ നിരക്ക് 20.2 ശതമാനത്തിൽ നിന്ന് 16.1 ശതമാനമായും കുറഞ്ഞതായതും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ലേബർ ഫോഴ്‌സ് സർവേയുടെ കണക്കനുസരിച്ച് സഊദി യുവതികളുടെ തൊഴിലില്ലായ്‌മ നിരക്ക് 2021 ന്റെ ആദ്യ പാദത്തിൽ 21.2 ശതമാനമായിരുന്നു. മുൻ പാദത്തിൽ ഇത് 24.4 ശതമാനമായിരുന്നു.