ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ ഉൾപ്പെടുന്ന സഊദി അറേബ്യയിലെ മുൻനിര മെഗാപ്രോജക്ടുകളിലൊന്നായ ജിദ്ദ ഇക്കണോമിക് സിറ്റിയിലെ റോഡ്, ലാൻഡ്സ്കേപ്പിംഗ് ജോലികൾ അന്തിമ ഘട്ടത്തിൽ. അർബൻ ലാൻഡ്‌സ്‌കേപ്പ് സഊദി 2021 പരിപാടിയിൽ ജിദ്ദ ഇക്കണോമിക് സിറ്റി നഗര ആസൂത്രണ വിഭാഗം മേധാവി ഫാഡി നാസിം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 5.3 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പദ്ധതിയുടെ പ്രധാന ലക്ഷ്യം വാസയോഗ്യമായതും സാമ്പത്തികമായി പ്രയോജനകരവും പരിസ്ഥിതി സൗഹൃദവുമായ ഇടം സൃഷ്ടിക്കുക എന്നതാണ്. “നഗരത്തിലെ റോഡ് നിർമ്മാണത്തിനും ലാൻഡ്സ്കേപ്പിംഗിനുമുള്ള തൊണ്ണൂറ് ശതമാനം ജോലികളും പൂർത്തിയാതായി അദ്ദേഹം പറഞ്ഞു.
30 നിലകളിലധികം ഉയരമുള്ള 210 ടവറുകൾ ഉൾക്കൊള്ളുന്ന ഈ നഗരത്തിന്റെ കേന്ദ്രഭാഗം ജിദ്ദ ടവർ ആണ്, ഒരു കിലോമീറ്റർ ദൂരം ഉയരമുള്ള ഈ കെട്ടിടം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി ദുബായിലെ ബുർജ് ഖലീഫയിൽ നിന്ന് ജിദ്ദ ടവർ ഏറ്റെടുക്കും. നിലവിൽ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന പദവി ദുബൈയിലെ ബുർജ് ഖലീഫക്കാണ്.
സാമ്പത്തിക ഡിസ്‌ട്രിക്‌ട്, റെസിഡൻഷ്യൽ ഡിസ്ട്രിക്റ്റ്, അൽ ബലദ് എന്നിങ്ങനെ മൂന്ന് മേഖലകൾ ഉൾക്കൊള്ളുന്നതാണ് ജിദ്ദ ഇക്കണോമിക് സിറ്റി. കാറുകൾക്കും ഗതാഗതത്തിനും പ്രാധാന്യം നൽകാതെ കാൽനടയാത്രക്കാർക്ക് ധാരാളം ഹരിത ഇടം ഉറപ്പാക്കുന്ന തരത്തിലാണ് ലാൻഡ്സ്കേപ്പിംഗ് നടത്തുന്നത്.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക