സഊദിയിൽ മൂന്നര വർഷത്തിനിടെ പിടിയിലായത് 56 ലക്ഷം നിയമ ലംഘകർ, 15 ലക്ഷം പേരെ നാട് കടത്തി

0
908

റിയാദ്: സഊദിയിൽ കഴിഞ്ഞ മൂന്നര വർഷത്തിനിടെ 56 ലക്ഷം അനധികൃത താമസക്കാരെ പിടികൂടിയതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ സംവിധാനം എന്നിവ ലംഘിച്ചവരുടെ 2017 നവംബർ മുതലുള്ള കണക്കുകളാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടത്. ഇക്കാലയളവിൽ 5.6 ദശലക്ഷത്തിലധികം പേരെ അറസ്റ്റ് ചെയ്‌തതായും ഇവരിൽ 1,553,667 പേരെ അതത് രാജ്യങ്ങളിലേക്ക് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയ റിപ്പോർട്ട് വ്യക്തമാക്കി.

രാജ്യത്തൊട്ടാകെയുള്ള അനധികൃത വിദേശികളെ കണ്ടെത്താനുള്ള പ്രചാരണത്തിന്റെ ഭാഗമായി 19 ഓളം മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ വ്യാപക പരിശോധനയിലാണ് 5,615,884 നിയമലംഘകരെ പിടികൂടിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കി.

ഇവരിൽ 4,304,206 പ്രവാസികൾ താമസ നിയമ ലംഘകരും 802,125 പേർ തൊഴിൽ നിയമ ലംഘകരും 509,553 പേർ അതിർത്തി സുരക്ഷാ ലംഘകരുമാണ്. തെക്കൻ അതിർത്തികളിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 116,908 പേരെ പിടികൂടി. ഇവരിൽ 54 ശതമാനം എത്യോപ്യക്കാരും 43 ശതമാനം യെമനികളും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ 9,508 പേരെയും പിടികൂടി. അനധികൃത പ്രവാസികൾക്ക് താമസവും വാഹന സൗകര്യവും നൽകിയതിന് 2,766 സഊദികൾ ഉൾപ്പെടെ 8,222 പേർക്കെതിരെ നടപടികൾ സ്വീകരിച്ചു. ഇവരിൽ 2,761 പേർ ശിക്ഷക്ക് ശേഷം വിട്ടയച്ചു. അഞ്ചു പേർ ഇപ്പോഴും വിചാരണ നേരിടുകയാണ്.

നിലവിൽ 49,954 പുരുഷന്മാരും 3,962 സ്ത്രീകളും ഉൾപ്പെടെ 53,916 പ്രവാസികളാണ് ഇപ്പോൾ തടങ്കൽ കേന്ദ്രങ്ങളിൽ ഉള്ളത്. 714,208 നിയമലംഘകർക്ക് പിഴകൾ ചുമത്തുകയും ചെയ്‌തു. 901,700 നിയമലംഘകരെ രേഖകൾ ശരിയാക്കി നാട്ടിലേക്കയക്കാൻ അവരുടെ എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും അയക്കുകയും 1,047,340 നിയമ ലംഘകർ നാടുകളിലേക്ക് തിരിക്കാനായി ബുക്കിംഗ് പൂർത്തിയാക്കുകയും ചെയ്‌തു. അതേസമയം, 1,553,667 നിയമലംഘകരെയാണ് നാട് കടത്തിയതെന്നും മന്ത്രാലയ റിപ്പോർട്ടിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here