ദുബൈ: പൂർണമായും വാക്സിനെടുത്ത ജീവനക്കാരുമായി ഇന്ത്യയിലെ ആദ്യ രാജ്യാന്തര സർവ്വീസ് ദുബൈയിലേക്ക്. എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് വാക്‌സിനെടുത്ത ജീവനക്കാരുമായി ദുബൈയിലെത്തിയത്. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാനം പൂർണമായും വാക്സിനെടുത്ത ജീവനക്കാരുമായി വിദേശത്തേക്കു പറക്കുന്നത്. യുഎഇയിൽ നിന്നുള്ള യാത്രക്കാരെ ഇന്ത്യയിൽ എത്തിക്കുന്നതിനായാണ് വിമാനം ദുബൈയിൽ എത്തിയത്.
ഡൽഹിയിൽ നിന്ന് രാവിലെ 10.40ന് പുറപ്പെട്ട വിമാനത്തിലെ പൈലറ്റുമാരും ക്യാബിൻ ക്രൂവും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. ഡി.ആർ. ഗുപ്ത, അശോക് കുമാർ നായിക് എന്നിവർ ക്യാപ്റ്റൻമാരായ വിമാനത്തിൽ വെങ്കിട് കെല്ല, പ്രവീൺ ചന്ദ്ര, പ്രവീൺ ചോഗൽ, മനീഷ കാംബ്ലെ എന്നിവരുമുണ്ടായിരുന്നു. എല്ലാവരും രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്. ദുബൈയിലെത്തിയ ഇവർ ജയ്പൂർ വഴി ഡൽഹിയിലേക്ക് യാത്രക്കാരുമായി പറക്കും. ഡൽഹി- ദുബൈ- ജയ്പൂർ- ഡൽഹി എന്നിങ്ങനെയാണ് സർവ്വീസ് റൂട്ട്.
നേരത്തെ എമിറേറ്റ്സ് ഉൾപ്പെടെയുള്ള ഏതാനും വിമാന കമ്പനികളും പൂർണമായും വാക്സിനെടുത്ത ജീവനക്കാരും യാത്രക്കാരുമായി പറന്നിരുന്നു.




