റിയാദ്: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. സഊദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. ഇന്ന് ഒരു മണി മുതൽ ആരംഭിച്ച രജിസ്ട്രേഷൻ ബുധനാഴ്ച രാത്രി പത്ത് മണി വരെ നീണ്ടു നിൽക്കും. ഹജ്ജിന് പങ്കെടുക്കുന്നവർക്ക് ഇതിനിടയിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കാം. ആദ്യം രജിസ്റ്റർ ചെയ്തവർക്കായി പ്രത്യേക മുൻഗണനയൊന്നും ലഭിക്കുകയില്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
https://localhaj.haj.gov.sa/ എന്ന ലിങ്കിൽ കയറിയാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്. ഇഖാമ, മൊബൈൽ നമ്പർ എന്നിവ നൽകിയാണ് രജിട്രേഷൻ നടപടികൾ. ഇന്ന് ആരംഭിച്ച രജിസ്ട്രേഷൻ ജൂൺ 23 രാത്രി പത്തു മണി വരെ നീണ്ടു നിൽക്കും. തുടർന്ന് ജൂൺ 25 നായിരിക്കും പാക്കേജുകൾ തിരഞ്ഞെടുത്ത് രജിസ്ട്രേഷൻ ലൈസൻസ് കരസ്ഥമാക്കാൻ അവസരം.
ഈ വർഷം സഊദിക്കകത്തെ സ്വദേശികളും വിദേശികളും ഉൾപ്പെടെ അറുപതിനായിരം പേർക്ക് മാത്രമാണ് ഹജ്ജിനു അനുമതി നൽകുക. വിദേശ രാജ്യങ്ങളിൽ നിന്നും ഹാജിമാർ ഉണ്ടാകുകയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിയിരുന്നു. എന്നാൽ, സ്വദേശി വിദേശി അനുപാദം എത്രയാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.