Saturday, 27 July - 2024

‘സമീക്ഷ’യുടെ പ്രതിമാസ വായന വിഷയ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി

ജിദ്ദ: ‘സമീക്ഷ’ സാഹിത്യവേദിയുടെ മെയ് മാസത്തിലെ വായന ജിദ്ദയിലെ ഇമ്പാല ഗാർഡനിൽ വെച്ച് നടന്നു

വീരേന്ദ്രകുമാറിന്റെ “ഹൈമവത ഭൂവിൽ ” എന്ന ഗ്രന്ഥത്തിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് നൂറുന്നീസ ബാവ ഉദ്‌ഘാടനം നിർവഹിച്ചു. ഹിമാലയ സാനുക്കളിലൂടെയുള്ള ഒരു സഞ്ചാരിയുടെ യാത്രാനുഭവവിവരണം എന്നതിനപ്പുറം ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളിലേക്കും ധന്യമായ സാഹിത്യ ചരിത്ര പൈതൃകങ്ങളിലേക്കും, ഐതിഹ്യസമൃദ്ധികളി ലേക്കും വെളിച്ചം വീശുന്ന ഒരു കൃതിഎന്ന നിലയിൽ ഈ പുസ്തകം ഗൗരവമാർന്ന വായന ആവശ്യപ്പെടുന്നു എന്ന് പുസ്തകത്തിൽ നിന്നും ഉദാഹരണങ്ങളുദ്ധരിച്ചുകൊണ്ട് അവർ ഓർമ്മപ്പെടുത്തി.

ഇ.കെ നായനാരുടെ “ഒളിവുകാലസ്മൃതികൾ ” റഫീഖ് പത്തനാപുരം സദസ്സിനു പരിചയപ്പെടുത്തി. സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ കയ്യൂർ-മൊറാഴ സമരങ്ങളെത്തുടർന്നും പിന്നീട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 1948- ൽ കമ്മ്യൂണിസ്റ്റു പാർട്ടി നിരോധിക്കപ്പെട്ടതിനെത്തുടർന്നും ഒളിവിൽ പ്പോകേണ്ടിവന്ന നായനാരുടെ ഒളിവുകാലത്തെ സാഹസികവും ത്യാഗപൂർണ്ണവുമായ ജീവിതാനുഭാവങ്ങൾ സദസ്സ് ആവേശപൂർവം കേട്ടിരുന്നു.

ചലച്ചിത്രസംവിധായകൻ കമലിന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ “ഓർമ്മച്ചിത്ര” ത്തിലെ ഹൃദയസ്പർശിയായ ചില മുഹൂർത്തങ്ങൾ ഷാജു അത്താണിക്കൽ സദസ്സുമായി പങ്കുവച്ചു. ഒരു വ്യക്തി എന്ന നിലയിലും ചലച്ചിത്രകാരനെന്ന നിലയിലുമുള്ള കമലിന്റെ വളർച്ചയെ തന്റെ ചുറ്റുമുള്ള കാഴ്ചകളും കേൾവികളും സ്വാധീനിച്ചതെങ്ങനെ എന്ന് ഈ പുസ്തകത്തിന്റെ വായനാനുഭവത്തിലൂടെ സദസ്സിന് ബോധ്യമായി.

ന്യൂയോർക്കിലെ തന്റെ ഫ്ലാറ്റിൽ ന്യൂമോണിയ ബാധിച്ച് അവശയായിക്കിടക്കുന്ന യുവ ചിത്രകാരി ജോൺസിയുടെയും കൂട്ടുകാരി സ്യൂവിന്റെയും, ‘അവസാനത്തെ ഇല’യുടെ ചിത്രം വരച്ച് ജോൺസിയ്ക്ക് പുതുജീവൻ നൽകി, സ്വയം മരണം ഏറ്റുവാങ്ങുന്ന വൃദ്ധ ചിത്രകാരൻ ബർമാന്റെയും കഥ പറയുന്ന ഒ. ഹെൻറിയൂടെ പ്രസിദ്ധമായ ” അവസാനത്തെ ഇല” (ദി ലാസ്റ്റ് ലീഫ്) എന്ന കഥ കിസ്മത്ത് മമ്പാട് അവതരിപ്പിച്ചപ്പോൾ, മഹാമാരിയുടെ ഈ വർത്തമാനകാലത്ത് സഹജീവികൾക്കായി ഒരിക്കലും പൊഴിയാത്ത ഇലച്ചിത്രങ്ങൾ വരയ്ക്കുന്നതിനിടയിൽ സ്വയം പൊഴിഞ്ഞുപോയ ആരോഗ്യപ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയുമെല്ലാം ആദരപൂർവം സദസ്സ് ഓർത്തു .

സിറിയൻയുദ്ധവും യുദ്ധം തകർത്തെറിഞ്ഞ ജീവിതങ്ങൾ തേടിയുള്ള ജസമസ്ഹറിന്റെയും സുഹൃത്ത് ഖലീലയുടെയും യാത്രയും, അവർക്കിടയിൽ വളർന്നു വരുന്ന ഗാഢ സൗഹൃദവുമൊക്കെ പ്രമേയമാവുന്ന വഹീദ് സമാൻ എഴുതിയ “ശലഭങ്ങളുടെ അഗ്നി സൽക്കാരം” എന്ന നോവൽ കൊമ്പൻ മൂസ മനോഹരമായവതരിപ്പിച്ചു .

ഇതിഹാസത്തിൽനിന്നും വർത്തമാനത്തിലേക്ക് പറിച്ചു നടപ്പെടുന്ന അംബയുട സ്വപ്നയാഥാർഥ്യങ്ങൾക്കിടയിൽ ആടിയുലയുന്ന ജീവിതവും അനിവാര്യമായ വിധിയും ആവിഷ്കരിക്കുന്ന സുഭാഷ് ചന്ദ്രന്റെ ” സമുദ്ര ശില” യുടെ വായനാനുഭവം ഫൈസൽ മമ്പാട് സദസ്സുമായി പങ്കുവച്ചു.

ഇന്നസെന്റിന്റെ “ചിരിക്കു പിന്നിൽ” എന്ന നർമ്മമധുരവും ജീവിതം തുടിക്കുന്നതുമായ ആത്മകഥ, സന്തോഷ് സദസ്സിനു പരിചയപ്പെടുത്തി.

മനുഷ്യ ശരീരത്തിലെ സങ്കീർണ്ണതകൾ നിറഞ്ഞ അത്ഭുതങ്ങളെ ലളിതഭാഷയിൽ രസകരമായി വിവരിക്കുന്ന ബിൽ ബ്രൈസൻ എഴുതിയ “ദി ബോഡി, എ ഗൈഡ് ലൈൻ ടു ദി ഒക്യുപാന്റ് ” എന്ന പുസ്തകം അസ്സൈൻ ഇല്ലിക്കൽ അവതരിപ്പിച്ചു.

കവി സച്ചിതാനന്ദന് എഴുപത്തഞ്ചാം ജന്മദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ച ഹംസ മദാരി അദ്ദേഹത്തിന്റെ കവിതകളും നിലപാടുകളും സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളും മലയാളിയുടെ സർഗ്ഗമണ്ഡലത്തെ എപ്രകാരം സജീവമാക്കുന്നു എന്ന് വിലയിരുത്തി.

ലക്ഷദ്വീപ് നിവാസികൾക്കെതിരെ കേന്ദ്രസർക്കാർ തുടരുന്ന ഫാഷിസ്റ്റ് നയസമീപനങ്ങൾക്കെതിരെയുള്ള സമീക്ഷയുടെ പ്രതിഷേധപ്രമേയം റഫീഖ് പത്തനാപുരം പരിപാടിയിൽ അവതരിപ്പിച്ചു.

രാജീവ് നായർ, അനുപമ, ബിജു, സാദത്ത്, ഷറഫുദ്ദീൻ, സാജു, അബ്ദുൽകരീം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Most Popular

error: