Saturday, 27 July - 2024

സഊദിയിൽ വാക്സിൻ പേരിലെ പ്രശ്ന പരിഹാരമായി, സമാന പരിഹാരം പ്രതീക്ഷിച്ചു കുവൈത് പ്രവാസികളും

കുവൈത്ത് സിറ്റി: ഇന്ത്യയിൽ അറിയപ്പെടുന്ന കൊവിഷീൽഡ് വാക്സിൻ സഊദിയിൽ അറിയപ്പെടുന്ന ആസ്ട്രസെനക വാക്സിൻ തന്നെയാണെന്ന സഊദി ഔദ്യോഗിക അറിയിപ്പുകൾക്ക് പിന്നാലെ സമാന പരിഹാരം പ്രതീക്ഷിച്ച് കുവൈത് പ്രവാസികളും. പ്രവാസികൾ ഏറെ പ്രതിസന്ധിയോടെ കണ്ടിരുന്ന പേരുകളിലെ വ്യത്യാസം ഒടുവിൽ സഊദി പ്രവാസികൾക്ക് പരിഹരിക്കപ്പെട്ടതോടെ സമാനമായ പ്രഖ്യാപനം വൈകാതെ കുവൈത്തും നടത്തുമെന്ന പ്രത്യാശയിലാണ് കുവൈത്തിലെ മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികൾ.

കുവൈത്ത് അധികൃതരുമായി വിഷയത്തിൽ ചർച്ച നടത്തുേമ്പാൾ ഇന്ത്യൻ എംബസിക്കും സഊദിയുടെ പ്രഖ്യാപനം നിർണായക പിടിവള്ളിയാകും. നിലവിൽ സഊദിക്ക് സമാനമായി ഫൈസർ ബയോൺടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനക, മോഡേർണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. സഊദിയിലും ഈ നാല് വാക്സിനുകൾക്ക് മാത്രമാണ് അംഗീകാരം. എന്നാൽ, ഇന്ത്യയിലും സഊദിയിലും നേരത്തെ പേരുകളിലെ വ്യത്യാസം പ്രതിസന്ധി സൃഷ്ടിച്ചതിന് സമാനമായി കുവൈത് പ്രവാസികൾക്കും ആസ്ത്രസെനിക വാക്സിൻ പേര് വ്യത്യാസം സങ്കീർണ്ണമാകും.

നിലവിൽ കുവൈത്തിൽ അംഗീകൃത വാക്സിന് എടുത്തവർക്ക് ഇളവ് നൽകുന്നുണ്ട്. ഇതോടൊപ്പം, വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്നതിനും കുത്തിവെപ്പ് മാനദണ്ഡമാക്കാനാണ് സാധ്യത. ഇങ്ങനെ വന്നാൽ പേരുകളിലെ വ്യത്യാസം ഇവിടെയും പ്രശ്നമാകും. ഓക്സ്ഫഡ് സർവകലാശാലയുടെ  മരുന്ന് ഇന്ത്യയിൽ നിർമ്മിക്കുന്നത് സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ഒരേ മരുന്നുകൾ തന്നെയാണെങ്കിലും വ്യത്യസ്ത പേരുകൾ ആയതിനാൽ അംഗീകരിക്കാൻ സാധിക്കില്ലെന്നതിനാൽ കേരള സർക്കാർ ആസ്ത്രസെനിക എന്ന് പ്രത്യേകമായി രേഖപ്പെടുത്താനുള്ള അനുമതിയും നൽകിയിരുന്നു. പിന്നീടാണ് സഊദി രണ്ട് പേരുകളിലെ മരുന്നും ഒന്നാണെന്ന് അംഗീകരിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചത്. അതേ പേരിൽ തന്നെ കുവൈത്ത് അംഗീകരിക്കുകയാണെങ്കിൽ സൗകര്യമാകും.

നിലവിൽ കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്ക് നിലനിൽക്കുന്നുണ്ട്. വിലക്ക് നീക്കുന്നതിനു മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്. ഇന്ത്യൻ എംബസി വിഷയത്തിൽ കുവൈത്ത് അധികൃതരുമായി ചർച്ച നടത്തുന്നുണ്ട്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന മറ്റൊരു വാക്സിനായ കോവാക്സിനു കൂടി അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കുവൈത്തിലെയും സഊദിയിലെയും ഇന്ത്യൻ എംബസികൾ. എന്നാൽ, ലോകാരോഗ്യ സംഘടന ഇപ്പോഴും കൊവാക്സിന് അംഗീകാരം നൽകിയിട്ടില്ലെന്നത് വെല്ലു വിളിയാണ്.

Most Popular

error: