റിയാദ്: സഊദിയിലെ അല്‍ഖുവയ്യയിൽ ട്രെയിലറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരണപ്പെട്ടു. പാലക്കാട് ചളവറ സ്വദേശി അമ്പലപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (44) ആണ് വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. ഡ്രൈവറായ ശ്രീലങ്കക്കാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ജിദ്ദയിലേക്ക് ജോലി മാറ്റം കിട്ടിയതിനെ തുടർന്ന് റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ അല്‍ഖുവയ്യയിൽ വെച്ചാണ് അപകടം. പുതിയ ജോലി സ്ഥലത്തേക്ക് ഇദ്ദേഹത്തിന്റെ കാറും അത്യാവശ്യ സാധനങ്ങളുമടക്കം കമ്പനിയുടെ തന്നെ ട്രെയ്‌ലറില്‍ ജിദ്ദയിലേക്ക് വരുന്നതിനിടെയാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ട്രെയ്‌ലര്‍ മാര്‍ബിള്‍ കൊണ്ടുപോകുകയായിരുന്ന മറ്റൊരു ട്രെയിലറിന് പിന്നിലിടിച്ച് തീപിടിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്.
18 വര്‍ഷമായി റിയാദിലായിരുന്ന ഇദ്ദേഹം 11 വർഷമായി അൽ ബസ്സാമി ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ ദമാമിലേക്ക് ട്രാൻസ്ഫർ ആയിരുന്നെങ്കിലും കമ്പനി അത് ക്യാൻസൽ ചെയ്ത് പിന്നീട് ജിദ്ദയിലേക്ക് മാറ്റം നൽകുകയായിരുന്നു. ഇതേ തുടർന്ന് പുലർച്ചെ രണ്ട് മണിക്ക് ജിദ്ദയിലേക്ക് യാത്ര തിരിച്ചതായിരുന്നു. റിയാദിൽ നിന്ന് 150 കിലോമീറ്റർ അകലെ വെച്ചാണ് അപകടം. കാര്യമായ പരിക്കുകളൊന്നും ഡ്രൈവറായ ശ്രീലങ്കൻ സ്വദേശിക്ക് പറ്റിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹം പോലീസ് കസ്റ്റഡിയിലാണ്.
പരേതരായ മണ്ണഴി ദുറാവു, ഫാത്വിമ എന്നവരുടെ മകനാണ്. ഭാര്യ സഫിയ മക്കള്‍: മുബഷിറ, മുര്‍ഷിദ, മുഹമ്മദ് മുബഷിര്‍. സഹോദരങ്ങള്‍ മമ്മി, ഹംസ, മുഹമ്മദലി, അബ്ദുൽ ഗഫൂര്‍, അഷ്റഫ്, ഖദീജ, സൈനബ, ഹലീമ, സുലൈഖ, ഷെജിലാബി.