Friday, 13 September - 2024

സർവ്വ പ്രതീക്ഷകളും അവസാനിച്ചു, രക്ഷകനായി യൂസുഫലി, ഒടുവിൽ വധശിക്ഷയിൽ നിന്ന് മോചനം നേടി മലയാളി യുവാവ്, ബെക്സ് കൃഷ്ണന് ഇത് രണ്ടാം ജന്മം

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നൽകിയത് രണ്ടാം ജന്മം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷ വിധിക്കപ്പെട്ട തൃശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണൻ(45) ആണ് രണ്ടാം ജന്മത്തിലേക്ക് കടന്നത്. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിൻ്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്.

2012 സെപ്തംബർ 7-നായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സ് ഓടിച്ച കാറിടിച്ച് കുട്ടി മരണപ്പെട്ടത്. രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമർപ്പിച്ചു. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ തെളിഞ്ഞതിനാൽ മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു.

അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിൻ്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും ഫലവത്താകാതെ സർവ്വപ്രതീക്ഷകളും തകർന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാൻ കുടുംബം അഭ്യർഥിച്ചത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചർച്ചകൾ നടത്തുകയും കാര്യങ്ങൾ പറഞ്ഞ് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സുഡാനിൽ നിന്നും കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്തിരുന്നു. ചർച്ചകൾക്കൊടുവിൽ ബ്ലഡ് മണിയായ 5 ലക്ഷം ദിർഹം യൂസുഫലി തന്നെ കോടതിയിൽ കെട്ടി വെച്ചതോടെ മോചനം സാധ്യമാകുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി ബെക്സ് കൃഷ്ണൻ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കും.

ജനിച്ച മണ്ണിലേക്ക് മടക്കമുണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്ന തന്നെ ജീവിതത്തിലേക്ക് മടക്കിയ എം.എ.യൂസഫലിയെ നേരിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ബെക്സ് കൃഷ്ണൻ. വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നൽകാൻ സാധ്യമായതിൽ സർവ്വശക്തനായ ദൈവത്തോട് നന്ദി പറയുന്നുവെന്ന് എം.എ യൂസഫലിയും പറഞ്ഞു.

Most Popular

error: