Saturday, 27 July - 2024

ഇന്ത്യൻ യുദ്ധക്കപ്പൽ സഊദി തുറമുഖത്ത്; ലുലു ഉൾപ്പെടെ വിവിധ ഗ്രൂപ്പുകൾ ഓക്സിജൻ സിലിണ്ടറുകൾ കൈമാറി

റിയാദ്: ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ മേഖല ഉപകരണങ്ങളും സംവിധാനങ്ങളും ഇന്ത്യയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നേവി കപ്പൽ സഊദി തുറമുഖത്തെത്തി. ഓപ്പറേഷൻ സമുദ്ര സേതു II (ഓഷ്യൻ ബ്രിഡ്ജ്) ന്റെ ഭാഗമായി ഐ‌എൻ‌എസ് തർക്കാഷ് ഇന്ത്യൻ നേവി യുദ്ധക്കപ്പലാണ് ഇന്ന് കിഴക്കൻ സഊദിയിലെ ദമാം തുറമുഖത്ത് എത്തിയത്. കൊവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനായി ഇവിടെ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ സ്വീകരിച്ചു.

കൊവിഡ് -19 നെതിരായ പോരാട്ടത്തെ പിന്തുണച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള മെഡിക്കൽ ഓക്സിജൻ നിറച്ച ക്രയോജനിക് കണ്ടെയ്നറുകളും അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായാണ് സമുദ്ര സെതു -2 സഊദിയിൽ എത്തിയത്. ഇന്ത്യൻ നേവിയെ സഊദി തുറമുഖ, കസ്റ്റംസ് അധികൃതരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സ്വീകരിച്ചു.

ലുലു ഗ്രൂപ്പ് ഉൾപ്പെടെ ഏതാനും ഗ്രൂപ്പുകൾ നൽകിയ സഹായം നേവി സ്വീക്വരിച്ചു. എൽഫിറ്റ് അറേബ്യ 200 ഓക്സിജൻ സിലിണ്ടറുകളും ലുലു ഹൈപ്പർ മാർക്കറ്റ് 100 ഓക്സിജൻ സിലിണ്ടറുകളും ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പ് 50 ഓക്സിജൻ കോൺസെൻട്രേറ്ററുകളുമാണ് നൽകിയത്.

മെയ് 30 ന് അയച്ച 60 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും അടുത്ത മാസങ്ങളിൽ ഓക്സിജനും മറ്റ് മെഡിക്കൽ സാധനങ്ങളും വിതരണം നൽകുന്ന സഊദി അറേബ്യ സർക്കാരിനും സഊദി അരാംകോയ്ക്കും എംബസി നന്ദി അറിയിച്ചു. ആകെ 300 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും 6360 ഓക്സിജൻ സിലിണ്ടറുകളും 250 ഓക്സിജൻ കോൺസെൻട്രേറ്ററുകളും സഊദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഇതിനകം അയച്ചിട്ടുണ്ട്. ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ ഭാഗമാണിതെന്നും എംബസി അറിയിച്ചു.

Most Popular

error: