Saturday, 9 November - 2024

കൂടിക്കാഴ്ചകൾ സജീവം, ഇന്നത്തെ അംബാസിഡറുടെ ചർച്ച സഊദി സിവിൽ എവിയേഷൻ അധികൃതരുമായി

റിയാദ്: സഊദി പ്രവാസികൾക്ക് വീണ്ടും പ്രതീക്ഷയേകി റിയാദിലെ ഇന്ത്യൻ എംബസി വീണ്ടും ചർച്ചകൾ സജീവമാക്കി. സഊദി വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ അഫയേഴ്‌സ് ഡെപ്യൂട്ടി മന്ത്രി യുമായി ഇന്നലെ നടത്തിയ കൂടികാഴ്ചക്ക് പിന്നാലെ ഇന്ന് സഊദി സിവിൽ എവിയേഷൻ അധികൃതരുമായാണ് എംബസി ചർച്ച നടത്തിയത്. ഏറെ പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ ചർച്ച ചെയ്തതായാണ് എംബസി വൃത്തങ്ങൾ നൽകുന്ന സൂചന.

റിയാദിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദ് ഇന്ന് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുഐലിജുമയാണ് കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ വ്യോമയാന മേഖലയിലെ ഉഭയകക്ഷി സഹകരണവും ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് പ്രധാന ചർച്ചയായതെന്ന് എംബസി അറിയിച്ചു.

ഇന്നലെ, സഊദി വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ അഫയേഴ്‌സ് ഡെപ്യൂട്ടി മന്ത്രി തമീം അൽ ദോസരിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വീണ്ടും ആരംഭിക്കുന്നതും ബഹ്‌റൈൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കുന്നതുമായിരുന്നു പ്രധാന ചർച്ച. കൂടാതെ, കൊവിഷീൽഡ് വാക്‌സിൻ അംഗീകാരം തുടങ്ങിയ കാര്യങ്ങളും ചർച്ചയായിരുന്നു. പിന്നാലെയാണ് സഊദി സിവിൽ എവിയേഷനുമായും ഇന്ന് എംബസി ചർച്ച നടത്തിയത്.

അതേസമയം, വിമാന സർവീസ് പുനഃരാരംഭം എങ്ങനെയെങ്കിലും ഉണ്ടാകണേയെന്ന പ്രാർത്ഥനയിലാണ് പ്രവാസികൾ. ഏറെകാലമായി എംബസിയുടെ ഭാഗത്ത് നിന്ന് സമാനമായ പ്രസ്താവനകൾ മാത്രമാണ് ഉണ്ടാകുന്നത്. അനുകൂല സാഹചര്യം ഉണ്ടായിരുന്ന ഘട്ടത്തിൽ പോലും ചർച്ചയുടെ ഫലമായി പ്രത്യേകമായി ഒന്നും നേടിയെടുക്കാൻ എംബസിക്ക് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഇപ്പോൾ നടക്കുന്ന ചർച്ചകളും പ്രസ്താവനകളും അത്തരത്തിൽ ആകരുതേയെന്ന പ്രാർത്ഥനയിലാണ് സഊദി പ്രവാസികൾ.

കൂടുതൽ സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകൂ👇

https://chat.whatsapp.com/DR57pqHiMxbIAlv9lIbo53

Most Popular

error: