Thursday, 12 September - 2024

പ്രതീക്ഷയോടെ സഊദി പ്രവാസികൾ; രണ്ടാഴ്ച്ച ഇനി നിർണ്ണായക കാത്തിരുപ്പ്

റിയാദ്: ഒന്നര വർഷത്തോളമായി യാത്ര ദുരിതം കടുത്ത രീതിയിൽ അനുഭവിക്കുന്ന സഊദി പ്രവാസികൾക്ക് ഇനി കാത്തിരിപ്പ് ദുബായ് വഴിയുള്ള എളുപ്പത്തിലുള്ള പ്രവേശനത്തിനായി. നേരിട്ടുള്ള വിമാന സർവ്വീസിന് സാധ്യത ഇല്ലെന്നിരിക്കെ ഏറ്റവും എളുപ്പത്തിൽ സഊദിയിലേക്ക് എങ്ങിനെയെങ്കിലുമെത്തിച്ചേരാനാകുമെന്ന അന്വേഷണത്തിലാണ് ഓരോ സഊദി പ്രവാസികളും. ഏറ്റവും ഒടുവിൽ ഇന്ന് സഊദി ആഭ്യന്തര മന്ത്രാലയം യുഎഇ വിലക്ക് പിൻവലിച്ചതോടെ ഇനി ദുബായ് വഴിയുള്ള യാത്ര, രണ്ടാഴ്ചക്ക് ശേഷമെങ്കിലും സാധ്യമാകുമെന്ന പ്രതീക്ഷിയിലാണ് പ്രവാസികൾ.

നിലവിൽ സഊദിയിലേക്ക് അൽപമെങ്കിലും ആശ്വാസത്തോടെ പ്രവേശിക്കാൻ സാധിച്ചിരുന്ന ബഹ്‌റൈൻ വഴിയുള്ള യാത്രയും ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. ബഹ്‌റൈൻ ഭരണകൂടം നടപ്പിലാക്കിയ കർശനമായ നിയന്ത്രണങ്ങൾ മൂലം ഇത് വഴിയുള്ള യാത്രയിൽ ഇപ്പോൾ പ്രവാസികൾക്ക് പ്രതീക്ഷയില്ല. ജൂൺ മൂന്ന് വരെയാണ് ബഹ്‌റൈൻ വിമാന യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും ജൂൺ പത്ത് വരെ മറ്റു നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തിയതോടെ വിമാന യാത്രക്കാർക്കുള്ള പ്രവേശന നിയന്ത്രണവും നീട്ടുമെന്നാണ് കരുതുന്നത്.

നിലവിൽ സഊദി പ്രവാസികൾ ഏറ്റവും കൂടുതൽ പ്രതീക്ഷയിൽ നോക്കുന്നത് ദുബൈ വഴിയുള്ള യാത്രയാണ്. യുഎഇ യിൽ നിന്ന് സഊദിയിലേക്കുള്ള വിലക്ക് ഇന്ന് പിൻവലിക്കുക കൂടി ചെയ്‌തതോടെ ഈ പ്രതീക്ഷ കൂടുകയും ചെയ്‌തു. നിലവിൽ ഇന്ത്യയിൽ നിന്നും യുഎഇ യിലേക്കുള്ള വിമാന വിലക്ക് പ്രാബല്യത്തിൽ ഉള്ളതിനാൽ ഇത് വഴിയുള്ള യാത്ര ഇപ്പോൾ അപ്രായോഗികമാണ്. ഈ വിലക്ക് ജൂൺ പതിനാലിന് പിൻവലിക്കുമെന്ന് പ്രതീക്ഷയിലാണ്. ഇങ്ങനെ വന്നാൽ പഴയത് പോലെ സഊദി പ്രവാസികൾക്ക് ദുബായ് വഴി സഊദിയിലേക്ക് പ്രവേശിക്കാനാകും.

എന്നാൽ, ആദ്യത്തേത് പോലെ അത്ര എളുപ്പമാകില്ല കാര്യങ്ങൾ. ഏറെക്കാലം ദുബായ് അടഞ്ഞു കിടന്നതിനാൽ ഇനി ഇന്ത്യയിൽ നിന്ന് യുഎഇ വാതിൽ തുറക്കുമ്പോൾ ടിക്കറ്റ് നിരക്ക് വധിക്കുന്നതോടൊപ്പം ദുബൈയിൽ പതിനാല് ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞതിന് ശേഷം വാക്സിൻ എടുക്കാത്തവരാണെങ്കിൽ സഊദിയിലെത്തിയാൽ വീണ്ടും ഒരാഴ്ച കൂടി നിർബന്ധിത ക്വാറന്റൈനിൽ കഴിയേണ്ടി വരും. അങ്ങനെയാകുമ്പോൾ താങ്ങാവുന്നതിലപ്പുറമായിരിക്കും ചിലവ്.

ഇത്രയൊക്കെ ആണെങ്കിലും ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി ശബ്‌ദിക്കാൻ ഇത് വരെ ബന്ധപ്പെട്ടവർ ശ്രമം നടത്തുന്നില്ലെന്നത് പ്രവാസികളെ ആകെ നിരാശരാക്കിയിട്ടുണ്ട്. ഒന്നര വർഷത്തോളമായി ചർച്ചകൾ നടത്തുന്നുവെന്ന സ്ഥിരം പല്ലവി തന്നെയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇപ്പോഴും ലഭിക്കുന്നത്.

 

Most Popular

error: