Saturday, 27 July - 2024

സഊദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷൂറൻസ് ഏർപ്പടുത്താൻ തീരുമാനം

റിയാദ്: സഊദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷൂറൻസ് ഏർപ്പടുത്താൻ തീരുമാനം. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഒരുപോലെ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളാണ് ഗാർഹിക തൊഴിലാളികളുടെ കരാർ ഇൻഷുർ ചെയ്യേണ്ടത്. ഇതിനുള്ള ചെലവ് ഉപയോക്താക്കളും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളും ഒപ്പുവെക്കുന്ന കരാർ ചെലവിൽ ഉൾപ്പെടുത്തി ഈടാക്കും. ഉപയോക്താക്കളും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവെക്കുന്ന കരാർ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ രണ്ടു വർഷത്തേക്കാണ് കരാർ ഇൻഷുർ ചെയ്യുക. ഇതിനു ശേഷം ഇഖാമ പുതുക്കുമ്പോൾ ഇൻഷുറൻസ് ഏർപ്പെടുത്താനും ഏർപ്പെടുത്താതിരിക്കാനും തൊഴിലുടമകൾക്ക് സ്വാതന്ത്ര്യമുണ്ടാകും.

ഇതോടൊപ്പം, സിവിൽ റിട്ടയർമെന്റ് സമ്പ്രദായത്തിന് വിധേയമല്ലാത്ത മുഴുവൻ മന്ത്രാലയങ്ങളിലെയും സർക്കാർ ഏജൻസികളിലെയും എല്ലാ തൊഴിലാളികളും സോഷ്യൽ ഇൻഷുറൻസ് സംവിധാനത്തിൽ ഉൾപ്പെടുത്താനും തീരുമാനമുണ്ട്. അവരുടെ സേവന കാലയളവ് പരിഗണിക്കാതെ താൽക്കാലിക ജോലികളുടെയോ കരാറുകളുടെയോ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനാണ് തീരുമാനം.

Most Popular

error: