റിയാദ്: മരണക്കിടക്കയിൽ മാതാവ് നൽകിയ വസ്വിയ്യത്ത് നടപ്പിലാക്കി മക്കൾ. മാതാവിന്റെ ഒരു മകനെ പതിനേഴ് വർഷങ്ങൾക്ക് മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കാണ് ഉമ്മയുടെ ആഗ്രഹ പ്രകാരം സഹോദരങ്ങൾ മാപ്പ് നൽകിയത്. അസീർ പ്രവിശ്യയിലെ ബീശയിലാണ് സംഭവം. മൂന്ന് ദിവസം മുമ്പ് മരിച്ച തങ്ങളുടെ മാതാവ് മരണക്കിടക്കയിൽ വെച്ച് അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി മകന്റെ ഘാതകനു മാപ്പ് നൽകണമെന്ന് വസ്വിയ്യത്ത് പറഞ്ഞത് പ്രകാരമാണ് പ്രതിക്ക് മറ്റു സഹോദരങ്ങൾ മാപ്പ് നൽകിയത്.
ഇതോടെ കൊലപാതക കേസിലെ പ്രതി വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് ഉമ്മ മരണപ്പെട്ടത്. ഉമ്മയുടെ മരണത്തിനു മുമ്പ് നൽകിയ വസ്വിയ്യത്ത് തങ്ങൾ നിറവേറ്റുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരനും ഉമ്മയുടെ മക്കളിൽ ഒരാളുമായ ഫായിസ് അൽ ശഹ്‌രി പറഞ്ഞു. കഴിഞ്ഞ ദിവസം തബൂക്കിൽ മകന്റെ ഘാതകനു പിതാവ് വധ ശിക്ഷ നടപ്പക്കുന്നതിന്റെ നിമിഷങ്ങൾക്ക് മുമ്പ് മാപ്പ് നൽകിയത് ശ്രദ്ധേയമായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ അമീർ സ്വീകരിക്കുകയും സന്തോഷം പങ്ക് വെക്കുകയും ചെയ്‌തിരുന്നു.