Saturday, 27 July - 2024

വിദേശത്ത് നിന്ന് വാക്സിൻ സ്വീകരിച്ചവർ സഊദിയിൽ എത്തുമ്പോൾ പ്രത്യേക ഓൺലെൻ ഫോം പൂരിപ്പിക്കണം; കര, വ്യോമ മാർഗ്ഗങ്ങൾ വഴി വരുന്നവർക്കും ബാധകം

റിയാദ്: വിദേശത്ത് നിന്ന് വാക്‌സിനെടുത്ത് വരുന്ന യാത്രക്കാർ പ്രത്യേക ഫോമിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്ന് നിർദേശം. സഊദി സിവിൽ എവിയെഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച നിർദേശം അതോറിറ്റി എയർലൻസുകളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സഊദികളും നേരത്തെ ക്വാറന്റൈന്‍ ആവശ്യമില്ലെന്നറിയിച്ചവര്‍ക്കും ഈ വ്യവസ്ഥ ബാധകമല്ല. കര, വ്യോമ മാർഗ്ഗങ്ങൾ വഴി വരുന്നവർക്കും ഇത് ബാധകമാണ്.

സഊദിയിൽ അംഗീകരിച്ച ഫൈസര്‍ ബൈനോട്ടക്, ഓക്സ്‌ഫോർഡ് ആസ്ട്ര സെനിക (കോവിഷീല്‍ഡ്), മൊഡെർണ എന്നീ വാക്സിനുകളുടെ രണ്ടു ഡോസുകളും ജോൺസൻ വാക്സിന്റെ ഒറ്റ ഡോസും എടുത്ത ശേഷം 14 ദിവസങ്ങൾ പൂർത്തിയാക്കിയവരാണ് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. ഇതല്ലാത്ത മറ്റു വാക്സിനുകൾ എടുത്തവരുടെ രജിസ്‌ട്രേഷൻ സ്വീകരിക്കില്ല.

മുഖീം സിസ്റ്റത്തിന്റെ പ്രത്യേക ലിങ്ക് വഴിയാണ് വാക്‌സിനേഷന്‍ വിവരങ്ങള്‍ നല്‍കേണ്ടത്. ഓൺലൈൻ ഫോം പൂരിപ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആ രാജ്യത്തെ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫൈ ചെയ്യണം. വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞേ യാത്ര സാധ്യമാവൂ. സൗദിയിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പാണ് ഫോം പൂരിപ്പിക്കേണ്ടത്. ബോര്‍ഡിംഗ് പാസ് ഇഷ്യു ചെയ്യുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തും.

പേര്, ജനനത്തിയ്യതി, പാസ്‌പോര്‍ട്ട് നമ്പര്‍, പൗരത്വം, ഫ്‌ളൈറ്റ് നമ്പര്‍, വരുന്ന ദിവസവും സ്ഥലവും, എയര്‍ലൈന്‍, വാക്‌സിനെടുത്ത രാജ്യം, വാക്‌സിന്‍ ഇനം, ഒന്നാം ഡോസ് എടുത്ത തിയ്യതി എന്നിവയാണ് ഈ ഫോമില്‍ പൂരിപ്പിക്കേണ്ടത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റെടുത്ത് കൂടെ കരുതണമെന്നും അതോറിറ്റി അറിയിച്ചു.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/JyMkmfy1qAw1RmDZkwIAeg

Most Popular

error: