Saturday, 27 July - 2024

മക്ക ഹറം പള്ളിയെ തണുപ്പിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ശീതീകരണ സംവിധാനം ഉപയോഗിച്ച്

മക്ക: ലോകത്തെ ഏറ്റവും മികച്ചതും വലിയതുമായ ശീതീകരണ സംവിധാനം വിശുദ്ധ മക്കയിൽ പ്രവർത്തന സജ്ജമായി. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിശുദ്ധ പള്ളികളിലെ സന്ദർശകർക്കും തീർഥാടകർക്കും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകാനുള്ള സഊദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ ശീതീകരണ പ്ലാന്റ് മക്കയിലെ ഗ്രാൻഡ് പള്ളിയിൽ സ്ഥാപിച്ചത്. വിശുദ്ധ മസ്ജിദുൽ ഹറാമിനുള്ളിൽ പുതിയ അന്തരീക്ഷം നൽകുന്നതിൽ ഏറെ സഹയാകമാകും ഈ ശീതീകരണ സംവിധാനം. .

അൾട്രാവയലറ്റ് ലൈറ്റ് എയർ ശുദ്ധീകരണ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രാൻഡ് പള്ളിക്കുള്ളിൽ ശുദ്ധവായു ഉറപ്പാക്കുന്നതിനുള്ള സജ്ജീകരണമാണ് ഇരു ഹറം കാര്യാലയ വകുപ്പ് സജ്ജമാക്കിയത്. ശുദ്ധവായു പള്ളിയിലേക്ക് വിടുന്നതിന് മുമ്പ് ദിവസേന ഒമ്പത് തവണ ശുദ്ധീകരണ പ്രക്രിയ നടത്തുന്നു. ഇതിനു ശേഷമാണു ഇത് പ്രത്യേക സഞ്ചാര മാർഗ്ഗങ്ങളിലൂടെ പള്ളിയുടെ ഓരോ മുക്കിലും മൂലയിലും എത്തിക്കുന്നത്.

100 ശതമാനം വായു ശുദ്ധത ഉറപ്പാക്കുന്ന ശുദ്ധീകരണ പ്രക്രിയ മൂന്ന് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഫാനുകൾ ഉപയോഗിച്ച് ഫിൽട്ടറുകളിലേക്ക് വായു കടത്തുക, ഫിൽറ്ററുകൾ ഉപയോഗിച്ച് ഇതിലെ മലിനീകരണങ്ങളും സൂക്ഷ്‌മ വസ്‌തുക്കളും പിടിച്ചെടുക്കുക, പൂർണ്ണമായും ശുദ്ധമായ വായുവിനെ പള്ളിയുടെ അകത്തേക്ക് തള്ളിവിടുക എന്നീ ഘട്ടങ്ങളാണ് നടക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ശീതീകരണ സ്റ്റേഷനുകൾ മക്കയിൽ ഉണ്ടെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മുഹ്‌സിൻ അൽ സലാമി ചൂണ്ടിക്കാട്ടി: 35,300 റഫ്രിജറേഷൻ ടൺ ഉത്പാദിപ്പിക്കുന്ന അജിയാദ് സ്റ്റേഷനിൽ നിന്ന് ഏകദേശം 24,500 റഫ്രിജറേഷൻ ടൺ ആണ് ഉപയോഗിക്കുന്നത്. അതേസമയം, 120,000 ടൺ ശീതീകരണ ശേഷിയുള്ളതാണ് പുതിയ സെൻട്രൽ ശീതീകരണ സ്റ്റേഷൻ. നിലവിൽ‌ മൂന്നാം സഊദി വിപുലീകരണഭാഗത്തും മസ്അയുടെ പകുതിയും പുതിയ സ്റ്റേഷനാണ് തണുപ്പിക്കുന്നത്. ഭാവിയിൽ ഈ സ്‌റ്റേഷൻ മസ്ജിദുൽ ഹറം പള്ളിയുടെ മുഴുവൻ ഭാഗങ്ങളെയും തണുപ്പിക്കുന്ന തരത്തിൽ വിപുലീകരിക്കും.

എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ അത്യാവശ്യ ഘട്ടങ്ങളിൽ നിശ്ചിത താപനില സംരക്ഷിക്കുന്നതിനും, ഹറമിലെ വായുവിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനും ഈ സ്റ്റേഷനുകൾക്ക് പുറമെ ബാക്കപ്പ് കൂളിംഗ് സ്റ്റേഷനുകളും ഇവിടെ സജ്ജമാണ്. എയർ കൂളിംഗ് സിസ്റ്റത്തിന്റെ ചിട്ടയായ പ്രവർത്തനങ്ങൾക്കും അറ്റകുറ്റ പണികൾക്കുമായി ഉയർന്ന യോഗ്യതയുള്ള എഞ്ചിനീയർമാരും സാങ്കേതിക സദാ ജാഗരൂകരാണെന്നും അൽ സലാമി വിശദീകരിച്ചു.

Most Popular

error: