റിയാദ്: നേരിട്ടുള്ള വിമാന സർവ്വീസ് പുനഃരാരംഭിക്കാത്ത കാലത്തോളം സഊദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് ദുരിതം നേരിടാൻ തന്നെ വിധി. ലക്ഷങ്ങൾ മുടക്കി ദുരിതം സഹിച്ച് എങ്ങിനെയെങ്കിലും സഊദിയിൽ എത്തിയിരുന്ന അവസ്ഥയാണ് എങ്കിൽ ഇനി മുതൽ ഈ ദുരിതം വർധിക്കുന്ന അവസ്ഥയുമാണ്. പുതിയ നിബന്ധനകൾ വരുമ്പോൾ സഊദിയിൽ ഏറ്റവും കൂടുതൽ യാത്രാ ദുരിതം സഹിക്കാൻ നിർബന്ധിതരാകുന്ന രാജ്യക്കാരിൽ ഒരാളായി ഇന്ത്യക്കാർ മാറും.
നിലവിലെ അവസ്ഥയിൽ ഇന്ത്യക്കാർ 21 ദിവസത്തിലധികം ക്വാറന്റൈനിൽ മാത്രം കഴിച്ചു കൂട്ടേണ്ടി വരും. നേരിട്ടുള്ള വിമാന സർവ്വീസ് ഇല്ലാത്തതിനാൽ മറ്റു രാജ്യങ്ങൾ വഴിയാണ് സഊദിയിലേക്ക് പ്രവാസികൾ എത്തുന്നത്. ഈ രാജ്യങ്ങളിൽ 14 ദിവസം കഴിഞ്ഞാണ് സഊദി പ്രവേശനം. ചിലപ്പോൾ പാക്കേജിൽ അത് പതിനാറും അതിൽ കൂടുതലും ആകാറുണ്ട്. വിമാന സർവ്വീസ് പിസിആർ ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. എന്നാൽ മെയ് 20 മുതൽ ഇതിന് പുറമെ സഊദിയിൽ എത്തിയാൽ വീണ്ടും ഒരാഴ്ച നിർബന്ധിത ക്വാറന്റൈനിൽ കഴിയണം.
ഇതിനെല്ലാം പുറമെ, ചിലവ് കുത്തനെ ഉയരുകയും ചെയ്യും. നിലവിൽ ബഹ്‌റൈൻ ഉൾപ്പെടെ മറ്റു രാജ്യങ്ങൾ വഴി വരുന്നതിന് ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരുന്നുണ്ട്. നേരത്തെ ഒരു ലക്ഷവും അതിന് താഴെയുമായിരുന്നു ചിലവെങ്കിൽ നേപ്പാൾ, ദുബൈ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ വഴിയുള്ള സർവ്വീസുകൾ പൂർണ്ണമായും നിലക്കുകയോ ഭാഗികമാകുകയോ ചെയ്തപ്പോൾ കൂടുതൽ ആളുകളും ആശ്രയിച്ചിരുന്നത് ബഹ്‌റൈനെയാണ്. എന്നാൽ, ഈ വഴിയുള്ള യാത്രക്കുള്ള ചിലവും ഇപ്പോൾ കുത്തനെ വർധിച്ചതായി ട്രാവൽസ് മേഖല വെളിപ്പെടുത്തി. സഊദി അതിർത്തികൾ തുറക്കുമ്പോൾ ബഹ്‌റൈൻ ടൂറിസം ശക്തിപ്പെടുകയും ഹോട്ടലുകളിൽ തിരക്ക് വർധിക്കുകയും ചെയ്യുമ്പോൾ ഈ വഴിയെല്ലാം നിരക്ക് വർധനവിന് കാരണമാകും.
ഇതിന് പുറമെയാണ് ഇപ്പോൾ സഊദിയിൽ കഴിയേണ്ടി വരുന്ന നിർബന്ധിത ഹോട്ടൽ ക്വാറന്റൈനും ഇൻഷൂറൻസിനുമുള്ള ചിലവ്. അതെല്ലാം ടിക്കറ്റിനൊപ്പം ഉൾപ്പെടുത്താനാണ് വിമാന കമ്പനികളോട് സഊദി ആവശ്യപ്പെട്ടിരിക്കുന്നത്. വരുംദിവസങ്ങളിൽ ഇത് പ്രാബല്യത്തിൽ വരുന്നതോടെ നിരക്കുകളിക്കും വ്യക്തത വരും.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/HeJuZfhyNGeE0uQQmahEvh