ജിദ്ദ: ജിദ്ദയിൽ ഫ്ലാറ്റിന് തീപിടിച്ച് കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു. അല്‍മര്‍വ ഡിസ്ട്രിക്ടില്‍ ഇന്നലെയാണ് സംഭവം. രണ്ട് ഫലസ്തീനി കുടുംബത്തിലെ അംഗങ്ങളാണ് മരണപ്പെട്ടത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. ഫലസ്തീനി പൗരന്‍ ഇസ്‌ലാം സുബ്ഹി ദഹ്‌ലാന്റെ ഭാര്യ റഈസ അബ്ദുല്ല അല്‍ഹുലൈമി, മകള്‍ ഗാദ ഇസ്‌ലാം ദഹ്‌ലാൻ, ഫലസ്തീനി പൗരന്‍ നാദിര്‍ അബ്ദുല്‍കരീം അല്‍ബ്രൂണോയുടെ ഭാര്യ ബദൂർ, മക്കളായ നഗം, താലീന്‍, ബസ്‌നത്ത്, കനാന്‍, ഹത്താന്‍ എന്നിവരുമാണ് മരിച്ചതെന്ന് ജിദ്ദ ഫലസ്തീന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
കുട്ടികൾ തീ കൊണ്ട് കളിച്ചതാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. കനത്ത പുക മൂലം ശ്വാസം മുട്ടിയാണ് മരണം. ഞാൻ വീട്ടിൽ നിന്ന് പുറത്ത് പോയി മിനിറ്റുകൾക്കമാണ് തീപിടുത്തമുണ്ടായതെന്ന് പിതാവ് ഇസ്‌ലാം ദഹ്‌ലാന്‍ പറഞ്ഞു. തന്റെ ഭാര്യയും 15 കാരിയായ മകളും കനത്ത പുക മൂലം ശ്വാസംമുട്ടിയാണ് മരിച്ചത്. ഫ്ളാറ്റില്‍ തീ പടര്‍ന്നുപിടിച്ചതോടെ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും കനത്ത പുകയും കെട്ടിടത്തിന്റെ ടെറസ്സിലേക്കുള്ള വാതില്‍ അടച്ചതും മൂലം രക്ഷപ്പെടാന്‍ സാധിച്ചില്ല. എന്നാൽ, മൂത്ത മകൻ ജനല്‍ വഴി പുറത്തുകടന്ന് എസിയിൽ തൂങ്ങി കിടന്നു. പരിക്കേറ്റ തന്റെ ഇളയ മകന്‍ റശീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു മകന്‍ ഖാലിദ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇരു കുടുംബങ്ങളും തമ്മിൽ വര്ഷങ്ങളായി നല്ല സൗഹൃദവും അടുപ്പത്തിലുമായിരുന്നു. കാലം തങ്ങളെ ഒരിക്കലും വേര്‍പ്പെടുത്തിയിരുന്നില്ലെന്നും മരണത്തില്‍ പോലും ഇരു കുടുംബങ്ങളും ഒന്നിച്ചതായി ഇസ്‌ലാം ദഹ്‌ലാന്‍ പറഞ്ഞു. നാദിര്‍ അബ്ദുല്‍കരീം അല്‍ബ്രൂണോക്ക് ഭാര്യയും രണ്ടു ആണ്‍മക്കളും മൂന്നു പെണ്‍മക്കളും ഉൾപ്പെടെ കുടുംബത്തെ മുഴുവൻ പേരും ദുരന്തത്തില്‍ നഷ്ടമായി. തന്റെ കുടുംബത്തില്‍ ഇനി ആരും അവശേഷിക്കുന്നില്ലെന്നും നാദിര്‍ പറഞ്ഞു.