അബുദാബി: ഇന്ത്യ-യുഎഇ വിമാന വിലക്ക് അനിശ്ചിതമായി നീട്ടി. യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) യാണ് ഇന്ത്യയിലെ വർധിച്ച കൊവിഡ് സാഹചര്യത്തിൽ വിലക്ക് നീട്ടിയത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശന വിലക്ക് മെയ് പതിനാല് വരെ ആയിരുന്നു നേരത്തെ നീട്ടിയിരുന്നത്. ഇതാണ് ഇപ്പോൾ അനിശ്ചിതമായി നീട്ടിയത്.
സസ്പെൻഷൻ എപ്പോൾ നീക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) വ്യക്തമാക്കിയിട്ടില്ല. സസ്പെൻഷൻ എപ്പോൾ നീക്കുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും ഇന്ത്യയിലെ സ്ഥിതി ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും നിരന്തരമായ വിലയിരുത്തലിന് ശേഷം തീരുമാനം കൈകൊള്ളുമെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിസിഎഎ) ഉദ്യോഗസ്ഥൻ പറഞ്ഞു.
ചൊവ്വാഴ്ച ഇന്ത്യയിലെ കൊവിഡ് -19 കേസുകളുടെ എണ്ണം 20 ദശലക്ഷത്തിലധികമായി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇത് ഇരട്ടിയായതാണ് കണക്കുകൾ. മരണങ്ങൾ 220,000 കവിയുകയും ചെയ്തു.