റിയാദ്: സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് വേദനയും പുതിയ രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു. മന്ത്രിസഭയിലേക്ക് ഒരു പുതിയ അംഗത്തെയും രാജകീയ കോടതിയുടെ പ്രത്യേക ഉപദേശകനെയും പുതിയതായി നിമയിച്ചിട്ടുണ്ട്. ഫൈസൽ ബിൻ ഫാദിൽ ബിൻ മുഹ്‌സിൻ അൽ ഇബ്രാഹിമിനെ സഊദി അറേബ്യയുടെ പുതിയ സാമ്പത്തിക ആസൂത്രണ മന്ത്രിയായി നിയമിച്ചു. പ്രിൻസ് സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദിനെ ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായും നിയമിച്ചു. മന്ത്രി പദവിയോടെയാണ് നിയമനം.
കിംഗ് സൽമാൻ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനായി പ്രിൻസ് സുൽത്താൻ ബിൻ സൽമാനെ നിയമിക്കാനും രാജകീയ ഉത്തരവിലുണ്ട്. അബ്ദുല്ല ബിൻ അമീർ അൽ സ്വാഹയെ സഊദി ബഹിരാകാശ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനായും ഡോ: ഇമാൻ ബിൻത് ഹബാസ് ബിൻ സുൽത്താൻ അൽ മുത്തൈരിയെ വാണിജ്യ ഉപമന്ത്രിയായും ബദർ ബിൻ അബ്ദുൾ-മുഹ്‌സിൻ ബിൻ അബ്ദുല്ല ബിൻ ഹദാബിനെ വാണിജ്യ മന്ത്രി അസിസ്റ്റന്റായും നിയമിച്ചു.
വിദ്യാഭ്യാസ പരിശീലന മൂല്യനിർണയ കമ്മീഷൻ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ അഹമ്മദ് അൽ ഇസ്സയെ ഒഴിവാക്കി പകരം ഡോ: ഖാലിദ് ബിൻ അബ്ദുല്ല അൽ സബ്തിയെ നിയമിക്കാനും ഉത്തരവുണ്ട്. മന്ത്രി പദവിയിൽ മന്ത്രിസഭയുടെ ജനറൽ സെക്രട്ടേറിയറ്റിൽ ഉപദേശകനായും അൽ സബ്തിക്ക് ചുമതല നൽകിയിട്ടുണ്ട്..
ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി ഗവർണറായി അഹമ്മദ് ബിൻ മുഹമ്മദ് ബിൻ അലി അൽ സ്വവയ്യാനെ മന്ത്രി പദവിയോടെയും നിയമിച്ചു.