റിയാദ്: അന്താരാഷ്ട്ര വിമാനങ്ങൾക്കായി ഇഷ്യു ചെയ്ത ടിക്കറ്റുകൾക്ക് റീ ബുക്കിംഗിനും വീണ്ടും ഇഷ്യു ചെയ്യുന്നതിനും യാത്രാ മാറ്റം വരുത്തുന്നതിനുമുള്ള ഫീസ് റദ്ദാക്കിയതായി സഊദി എയർലൈൻസ് വെളിപ്പെടുത്തി. മാത്രമല്ല,
ഒന്നിലധികം തവണ റീബുക്ക് ചെയ്യാനും റീഇഷ്യു ചെയ്യാനും റൂട്ടില്‍ മാറ്റംവരുത്താനും അനുവദിച്ചിട്ടുണ്ട്. 2021 ഏപ്രിൽ 27 മുതൽ ഡിസംബർ 31 വരെയാണ് ഇത്തരത്തിൽ നീട്ടാനുള്ള അനുമതി നൽകുന്നത്. ഏപ്രില്‍ 27 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ റീകണ്‍ഫേം ചെയ്ത മുഴുവന്‍ ടിക്കറ്റുകൾക്കുമാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നതെന്നും സഊദിയ അറിയിച്ചു.
എന്നാൽ, റൂട്ടില്‍ മാറ്റം വരുത്തുന്ന സാഹചര്യങ്ങളില്‍ നിരക്കില്‍ മാറ്റമുണ്ടെങ്കില്‍ അത് യാത്രക്കാർ അടക്കണം. 2020 ജനുവരി 24 മുതല്‍ ഡിസംബര്‍ 18 വരെ ഇഷ്യു ചെയ്ത ടിക്കറ്റുകളിലും ഫീസില്ലാതെ ഒന്നിലധികം തവണ റീബുക്കിംഗിനും റീഇഷ്യു ചെയ്യാനും യാത്രാ റൂട്ടില്‍ മാറ്റം വരുത്താനും അനുവദിക്കും.
കൊവിഡ് വൈറസ് മൂലം സര്‍ക്കാര്‍ ബാധകമാക്കിയ നിയന്ത്രണങ്ങളിലെ മാറ്റങ്ങള്‍ കാരണമായി യാത്ര മുടങ്ങുകയാണെങ്കിൽ ഫീസില്ലാതെ ടിക്കറ്റ് നിരക്ക് പൂര്‍ണമായും തിരികെ ഈടാക്കാനും യാത്രക്കാര്‍ക്ക് സാധിക്കും. മാത്രമല്ല, സ്വന്തം നിയന്ത്രണത്തില്‍ പെട്ടതല്ലാത്ത കാരണങ്ങളാല്‍ യാത്ര സാധ്യമാകാത്ത സാഹചര്യങ്ങളില്‍ സുരക്ഷാ ഫീസ്, തിരിച്ചുകിട്ടാത്ത മറ്റു ഫീസുകള്‍, ഇഷ്യു ഫീസ് എന്നിവ ഒഴികെയുള്ള മറ്റു ഫീസുകളില്ലാതെ ടിക്കറ്റ് നിരക്ക് തിരികെ ഈടാക്കാവുന്നതുമാണ്.