റിയാദ്: പ്രവാസ ലോകത്ത് കൃത്യമായ ഇടപെടലുകൾ നടത്തുകയും സമസ്ത പ്രവർത്തകർക്ക് ആവേശമായ നേതൃത്വം നൽകുകയും ചെയ്തിരുന്ന
നേതാവായിരുന്നു ഹാമിദ് കോയമ്മ തങ്ങൾ എന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി അനുശോചിച്ചു. എസ്‌ഐസി അടക്കമുള്ള സമസ്തയുടെ പല സംരംഭങ്ങൾക്കും ഉപദേശ നിർദേശങ്ങൾ നൽകിയ മഹത് വ്യക്യതിത്വത്തിനുടമ കൂടിയായിരുന്നു തങ്ങൾ.
തങ്ങളുടെ വിയോഗം കനത്ത വിടവാണ് ഉണ്ടാക്കിയതെന്നും ഗൾഫ് പ്രവാസ ലോകത്തെ സമസ്ത പ്രവർത്തകർക്ക് തീരാ നഷ്ടമാണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്നത്തെ അവസ്ഥയിൽ സാധ്യമായ തരത്തിൽ നിയന്ത്രണ നിർദേശങ്ങൾ പാലിച്ചു കൊണ്ട് പ്രാർത്ഥനകൾ നടത്തുവാൻ സെൻട്രൽ കമ്മിറ്റി നേതൃത്വങ്ങൾ ശ്രദ്ധിക്കണമെന്നും നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു.
ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റം യു.എ.ഇയിലെ മത- സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഇന്നലെയാണ് ഇഹലോകവാസം വെടിഞ്ഞത്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ഹാമിദ് കോയമ്മ തങ്ങള്‍ യു.എ.ഇ സുന്നി കൗണ്‍സില്‍ മുഖ്യ രക്ഷാധികാരി, ദുബൈ കെ.എം.സി.സി ഉപദേശക സമിതി അംഗം, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് (എയിം) ട്രഷറര്‍ പദവികള്‍ വഹിക്കുകയായിരുന്നു. നിരവധി വിദ്യാഭ്യാസ- സാംസ്‌കാരിക സ്ഥാപനങ്ങളുടെ രക്ഷാധികാരിയും പ്രധാന സംഘാടകനും കൂടിയായിരുന്നു.