Thursday, 10 October - 2024

സഊദിയിൽ ജയിൽ തടവുകാർക്കും വാക്‌സിനേഷൻ പുരോഗമിക്കുന്നു

റിയാദ്: രാജ്യത്തെ ജയിൽ തടവുകാർക്കും കൊവിഡ് വാക്‌സിനേഷൻ പുരോഗമിക്കുന്നതായി അധികൃതർ വെളിപ്പെടുത്തി. വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ അറുപത്തെട്ട്‍ ശതമാനത്തിലധകം പേർക്കും ഇതിനകം തന്നെ വാക്‌സിൻ നൽകിയതായി അധികൃതർ അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്‌തമാക്കി. കൊവിഡ് -19 വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന തടവുകാരുടെ നിലവിലെ ലിസ്‌റ്റിൽ ഉൾപ്പെട്ടവർക്ക് ഉടൻ തന്നെ കുത്തിവയ്പ്പിനായി ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

തടവുകാരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചാണ് ബാച്ചുകളായി വാക്‌സിൻ നൽകുന്നത്. എന്നാൽ പ്രതിരോധ കുത്തിവയ്പ്പ് തടവുകാർക്ക് നിർബന്ധമല്ല, അതേ സമയം ഇവർക്ക് കുത്തിവെപ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ബോധവത്‌കരണം നടത്തുകയും മാർഗനിർദേശം നൽകുകയും ചെയ്തിട്ടുണ്ട്, അതിനാൽ തന്നെ കുത്തിവെപ്പ് സ്വീകരിക്കണമോയെന്ന കാര്യത്തിൽ അവർക്ക് തീരുമാനം കൈകൊള്ളാമെന്നും നിർബന്ധിത വാക്‌സിനേഷൻ നടപ്പാക്കുന്നല്ലെന്നും അധികൃതർ അറിയിച്ചു.

ചില തടവുകാർക്ക് പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ച് ആദ്യം ഉറപ്പില്ലായിരുന്നുവെങ്കിലും തുടർച്ചയായ വാർത്തകൾ അവർക്ക് അറിയിച്ചു നൽകുന്നതിലൂടെയും ആരോഗ്യ വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശത്തിലൂടെയും രാജ്യത്തിന്റെ സംഭവവികാസങ്ങൾ അവർ നിരന്തരം അറിഞ്ഞതിനെ തുടർന്ന് വാക്‌സിൻ സ്വീകരിക്കാൻ പലരും ഇപ്പോൾ മുന്നോട്ട് വരുന്നുണ്ട്. “അന്തേവാസികൾ സമൂഹത്തിന്റെ ഭാഗമാണ്, അതിനാൽ അവർക്കിടയിലും സംശയങ്ങൾ ഉണ്ടാകാമെന്നും അതെല്ലാം തീർത്ത ശേഷമാണ് വാക്‌സിനേഷൻ നൽകുന്നതെന്നും അധികൃതർ വെളിപ്പെടുത്തി.

നിലവിൽ തടവുകാരെ സന്ദർശിക്കുന്നതിന് കുടുംബങ്ങളടക്കമുള്ളവർക്ക് കടുത്ത നിയന്ത്രണങ്ങളാണുള്ളത്. തവക്കൽന ആപ്ലിക്കേഷനിൽ സന്ദർശകരുടെ ആരോഗ്യ സ്ഥിതി കൺഫോം ചെയ്ത ശേഷമാണ് ഇവരെ തടവുകാരെ കാണാൻ അനുവദിക്കുന്നത്.

Most Popular

error: