ജിദ്ദ: ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പ്രവർത്തനം ജിദ്ദയിലെ പ്രസികൾക്ക് വലിയ ആശ്വാസവും അനുഗ്രഹവുമാകുന്നു. ദീർഘ കാലം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ സ്മരണക്കായി 2010 ലാണ് ജിദ്ദ കെഎംസിസി ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരംഭിച്ചത്.
ഇൻഷുറൻസ് ഇല്ലാത്ത പ്രവാസികൾക്ക് ചികിത്സ സഹായം, ജോലി നഷ്ടപ്പെട്ടും ശമ്പളം കിട്ടാതെയും നാട്ടിൽ പോവാൻ ബുദ്ധിമുട്ടുന്നവർക്ക് ടിക്കറ്റ് എടുക്കാൻ വേണ്ടി സഹായം, ഇഖാമ പുതുക്കാൻ കഴിയാത്തവർക്ക് അതിനുള്ള സഹായം, വര്ഷങ്ങളായി ജയിലിൽ കഴിയുന്നവർക്ക് പുറത്തിറങ്ങാൻ വേണ്ടിയുള്ള സഹായം തുടങ്ങി വിവിധ തരത്തിലുള്ള സഹായങ്ങളാണ് ശിഹാബ് തങ്ങൾ റിലീഫ് സെൽ വഴി പ്രവാസികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം കൊവിഡ് മഹാമാരിയുടെ തുടക്കത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ജോലിയും ശമ്പളവും ഇല്ലാതെ പ്രവാസികൾ ഏറെ ബുദ്ധിമുട്ടിയ സമയത്ത് ജിദ്ദ കെഎംസിസി തുടങ്ങിയ കാരുണ്യ ഹസ്തം പരിപാടിയുടെ കീഴിൽ ഭക്ഷണ കിറ്റ് വിതരണം തുടങ്ങിയതും റിലീഫ് സെൽ ഫണ്ട് ഉപയോഗിച്ചായിരുന്നു. ഇത് നൂറുക്കണക്കിന് പ്രവാസികളെ പട്ടിണിയിൽ നിന്നും രക്ഷിച്ചു എന്നത് പ്രവാസികൾക്ക് ലഭിച്ച വലിയ അനുഗ്രഹം തന്നെയാണ്. നിലവിൽ റിലീഫ് സെല്ലിൽ ഫണ്ട് ഇല്ലാത്തതിനാൽ സഹായം ആവശ്യപ്പെട്ട് വരുന്നവർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി എല്ലാ വർഷവും നടത്തുന്ന റമദാൻ കാമ്പയിനോടാനുബന്ധിച്ചാണ് സി എച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ എന്നിവയിലേക്കുള്ള ഫണ്ട് ശേഖരണം നടത്തുന്നത്. ഈവർഷത്തെ ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്. നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാൻ വേണ്ടിയുള്ള സി. എച്ച് സെന്റർ, കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാൻ വേണ്ടിയുള്ള ശിഹാബ് തങ്ങൾ റിലീഫ് സെൽ എന്നിവയിലേക്ക് പരമാവധി സംഭാവന നൽകി റമദാൻ കാമ്പയിൻ വിജയിപ്പിക്കണമെന്ന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര അഭ്യർത്ഥിച്ചു.